ചരിത്രം കുറിച്ച് ഇസ്രോ; അൺഡോക്കിംഗ് പരീക്ഷണം വിജയം, ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ വേർപെടുത്തി
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് കൊണ്ട് ചരിത്രം കുറിച്ച് ഇസ്രോ. സ്പേസ് ഡോക്കിംഗ് എക്‌സ്‌പിരിമെന്റ് (സ്‌പാഡെക്‌സ്) ദൗത്യത്തിന്റെ ഭാഗമായ രണ്ട് ഉപഗ്രഹങ്ങളുടെ അൺഡോക്ക് ചെയ്യൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വിജയകരമായി പൂർത്തിയാക്കി. SDX-01, SDX-02 ഉപഗ്രഹങ്ങളെ വേർതിരിക്കുന്ന നടപടികളാണ് വിജയകരമായി നടപ്പാക്കിയത്.
അൺഡോക്കിംഗ് പ്രക്രിയയിലെ പ്രധാന ഘട്ടങ്ങളിൽ SDX-2വിന്റെ വിജയകരമായ വിപുലീകരണം, ക്യാപ്‌ചർ ലിവർ 3ന്റെ ആസൂത്രിത റിലീസ്, SDX-2ലെ ക്യാപ്‌ചർ ലിവറിന്റെ വേർപിരിയൽ എന്നിവ ഉൾപ്പെടുന്നു. ഇത് കൃത്യമായി ചെയ്യാൻ സാധിച്ചതായി ഇസ്രോ തന്നെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടൊപ്പം ഇസ്രോ നൽകിയിട്ടുണ്ട്.

ഈ നേട്ടത്തിൽ പ്രതികരിച്ചുകൊണ്ട്, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ഇസ്രോ ടീമിനെ അഭിനന്ദിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഭാവി ബഹിരാകാശ താൽപര്യങ്ങളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും, ഇന്ത്യയുടെ ബഹിരാകാശ സ്‌റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന പദ്ധതികള്‍ക്ക് കരുത്തുപകരുമെന്നും ജിതേന്ദ്ര സിംഗ് എക്‌സില്‍ കുറിച്ചു.
ഡിസംബര്‍ 30നാണ് സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് ഇസ്രോ വിജയകരമായി വിക്ഷേപിച്ചത്. സ്‌പാഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ആണ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ച് ബഹിരാകാശത്തേയ്ക്ക് പറന്നത്. ഇതിന് ശേഷം ഓരോ ഘട്ടത്തിലും സൂക്ഷ്‌മത പുലർത്തിയ ഇസ്രോ കൃത്യമായ നീക്കങ്ങളിലൂടെ നടപടി ക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണ ദൗത്യവും ജനുവരിയില്‍ ഇസ്രോ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അൺഡോക്കിങ് സാങ്കേതികവിദ്യയിലും അവർ തങ്ങളുടെ ശക്തി തെളിയിച്ചത്. ഇതോടെ ഈ സാങ്കേതിക വിദ്യ പ്രാപ്‌തമാക്കിയ ലോകത്തിലെ തന്നെ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയും മാറുകയാണ്.
ഈ വിജയത്തോടെ, സങ്കീർണ്ണമായ തന്ത്രങ്ങൾ കൈവരിക്കുന്നതിൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യയും നാലാമനായി മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന ഗഗനയാണ് പോലെയുള്ള ദൗത്യങ്ങളുടെ ഘട്ടത്തിലും ഈ സാങ്കേതിക പരിജ്ഞാനം ഇസ്രോയ്ക്ക് ഗുണകരമാവും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications