ഏറ്റവും ചെറിയ റോക്കറ്റായ എസ്.എസ്.എല്‍.വി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ; ചരിത്ര മുഹൂര്‍ത്തം
തിരുവനന്തപുരം: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ് എസ് എല്‍ വി) ആദ്യ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് നിന്നായിരുന്നു വിക്ഷേപണം.
ഇതാദ്യമായാണ് ഐ എസ് ആര്‍ ഒ ഒരു ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം വിക്ഷേപിക്കുന്നത്. ഇത് താഴ്ന്ന ഭ്രമണപഥത്തില്‍ ഭൂമിയില്‍ ഉപഗ്രഹങ്ങളെ വിന്യസിക്കാന്‍ ഉപയോഗിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 750 സ്‌കൂള്‍ പെണ്‍കുട്ടികള്‍ നിര്‍മ്മിച്ച ആസാദിസാറ്റിനെയും എസ് എസ് എല്‍ വി വഹിക്കുന്നുണ്ട്.

എസ് എസ് എല്‍ വിക്ക് 34 മീറ്റര്‍ ഉയരമുണ്ട്. പി എസ് എല്‍ വിയേക്കാള്‍ 10 മീറ്റര്‍ കുറവാണ് ഇത്. പി എസ് എല്‍ വിയുടെ 2.8 മീറ്റര്‍ വ്യാസമുള്ളപ്പോള്‍ എസ് എസ് എല്‍ വിയുടെ വ്യാസം രണ്ട് മീറ്ററാണ്. എസ് എസ് എല്‍ വിക്ക് 120 ടണ്‍ ലിഫ്റ്റ് ഓഫ് മാസ്സ് ഉണ്ട്. പി എസ് എല്‍ വിക്ക് ഇത് 320 ടണ്‍ ആണ്.
ആസാദിസാറ്റിനെ കൂടാതെ ഇ.ഒ.എസ്. 02-നെയും വഹിച്ചാണ് എസ് എസ് എല്‍ വി കുതിച്ചുയര്‍ന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിക്ഷേപണത്തിന് ആറര മണിക്കൂര്‍ മുമ്പുതന്നെ എസ് എസ് എല്‍ വിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. നിര്‍മാണച്ചെലവ് വളരെ കുറവാണ് എസ് എസ് എല്‍ വിക്ക് വേണ്ടത്. വിക്ഷേപണ സജ്ജമാക്കാനും കുറച്ചു സമയം മതി.
ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്ക് കൂടി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് എസ് എസ് എല്‍ വിക്ക് രൂപം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ എന്‍ എസ് ഐ എലിനായിരിക്കും ചുമതല.
പെണ്‍കുട്ടികളില്‍ ശാസ്ത്ര ഗവേഷണാഭിരുചി വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്പേസ് കിഡ്‌സിന്റെ നേതൃത്വത്തില്‍ ഈ ഉപഗ്രഹനിര്‍മാണത്തില്‍ പങ്കാളികളായവരില്‍ കേരളത്തിലെ പത്ത് കുട്ടികളും ഉണ്ട്.












Click it and Unblock the Notifications