ഇനി റോക്കറ്റുകളും ഉപഗ്രഹങ്ങളും ഐഎസ്ആർഒ നിർമ്മിക്കില്ല; സ്വകാര്യ വൽക്കരണത്തിന് നീക്കം, എതിർപ്പ് ശക്തം
ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യം. ഭാവിയിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന ചുമതലയിൽ നിന്ന് ഐഎസ്ആർഒ ക്രമേണ പിന്മാറുകയും കൂടുതൽ ചുമതലകൾ സ്വകാര്യ കമ്പനികൾക്ക് നൽകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് ടുഡേയുടെ പരിപാടിയിൽ വച്ചായിരുന്നു പ്രഖ്യാപനം.
ഭാവിയിൽ ഐഎസ്ആർഒ പ്രധാനമായും ഗവേഷണം, പുതിയ സാങ്കേതികവിദ്യകളുടെ വികസനം, ശാസ്ത്രീയ ദൗത്യങ്ങൾ, ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റുകളുടെ പതിവ് നിർമ്മാണം ഇനി ഐഎസ്ആർഒ നേരിട്ട് നടത്തില്ലെന്നും സ്വകാര്യ കമ്പനികളോ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും ഇത് ഏറ്റെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാറ്റത്തിന്റെ ആദ്യഘട്ടം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം അഥവാ എസ്എസ്എൽവിയുടെ സാങ്കേതികവിദ്യയും നിർമ്മാണാവകാശവും ലേല നടപടിയിലൂടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് കൈമാറിയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയുടെ പ്രധാന റോക്കറ്റുകളായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, അഥവാ പിഎസ്എൽവി, ലോഞ്ച് വെഹിക്കിൾ മാർക്ക്-3, അഥവാ എൽവിഎം-3 എന്നിവയുടെ നിർമാണവും സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. എസ്എസ്എൽവിയുടെ കാര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവസരം ലഭിച്ചിരുന്നെങ്കിലും, പിഎസ്എൽവി, എൽവിഎം-3 എന്നിവയുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക് മാത്രമായി നൽകാനാണ് പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ട്.
റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും പതിവ് നിർമ്മാണത്തിൽ നിന്ന് മാറി ഗവേഷണ-വികസന സ്ഥാപനമായി ഐഎസ്ആർഒയെ കൂടുതൽ ശക്തിപ്പെടുത്താനാണ് പദ്ധതി. ശാസ്ത്രീയ ദൗത്യങ്ങൾ, പ്രത്യേക ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, ആധുനിക ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിലായിരിക്കും ഐഎസ്ആർഒയുടെ പ്രധാന ശ്രദ്ധ.
ഐഎസ്ആർഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ പക്വതയിലെത്തിയ ശേഷം അവ സ്വകാര്യ കമ്പനികൾക്ക് കൈമാറി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും. ഇതിനകം തന്നെ 120 സാങ്കേതികവിദ്യകൾ ഐഎസ്ആർഒ സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പവൻ ഗോയങ്ക പറഞ്ഞു.
ഇതിന് പുറമേ പുതിയൊരു വിക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തന ചുമതലയും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്ന കമ്പനിയെ അടുത്ത നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ചില കോണുകളിൽ നിന്ന് വിമർശനം ശക്തമാണ്.
വിമർശനവുമായി ജി മാധവൻ നായർ
മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തെ ചോദ്യം ചെയ്‌തു. വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൈമാറാനുള്ള തീരുമാനത്തിന്റെ പ്രായോഗികതയെക്കുറിച്ചാണ് അദ്ദേഹം സംശയം ഉന്നയിച്ചത്. ഐഎസ്ആർഒയ്ക്ക് ആവശ്യമായ റോക്കറ്റുകളുടെ നിർമ്മാണത്തിന്റെ വലിയൊരു ഭാഗവും നിലവിൽ തന്നെ വ്യവസായ മേഖല കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് മാധവൻ നായർ പറയുന്നത്.
ഈ സാഹചര്യം കൊണ്ട് തന്നെ റോക്കറ്റ് നിർമ്മാണത്തിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ചുമതല നൽകുന്നതിലൂടെ യഥാർഥത്തിൽ എന്ത് അധിക നേട്ടമുണ്ടാകുമെന്നാണ് പരിശോധിക്കേണ്ടതെന്ന് മാധവൻ നായർ പറയുന്നു. മുൻ ഐഎസ്ആർഒ ചെയർമാന് പുറമേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് വിദഗ്‌ധരും ഇക്കാര്യത്തിൽ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications