ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; വിശാഖപട്ടണം വിമാനത്താവളത്തില്‍ അക്രമിയുടെ വിളയാട്ടം
അമരാവതി: ആന്ധ്രപ്രദേശിലെ ശക്തനായ രാഷ്ട്രീയ നേതാവും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ ആക്രമണം. പാര്‍ട്ടി അനുയായി എന്ന വ്യാജേന അടുത്തെത്തിയ വ്യക്തിയാണ് ജഗനെ കുത്തിയത്. രക്തമൊലിച്ചുനില്‍ക്കുന്ന ജഗന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വ്യാഴാഴ്ച വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ചാണ് സംഭവം.

ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡി. ഒരു സെല്‍ഫി എടുക്കാനെന്ന വ്യാജേനയാണ് അക്രമി ജഗന്റെ അടുത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സമയം ഇടതുകൈയ്യില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. രക്തം പൊടിഞ്ഞു. നിസ്സാര മുറിവാണുള്ളതെന്നാണ് വിവരം.
എയര്‍പോര്‍ട്ട് കാന്റീനില്‍ ജോലി ചെയ്യുന്ന ശ്രീനിവാസ് എന്നയാളാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. വസ്ത്രത്തില്‍ ചോരപാടുകളോടെ നില്‍ക്കുന്ന ജഗന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. മൂര്‍ച്ചയേറിയ കത്തികൊണ്ടാണ് കുത്തിയത്. കത്തയല്ല ബ്ലേഡാണ് അക്രമി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിഐപികള്‍ ഇരിക്കുന്ന സ്ഥലത്തായിരുന്നു ജഗന്‍. ഈ വേളയില്‍ അക്രമി ഇദ്ദേഹത്തിന് അടുത്തേക്ക് വരികയായിരുന്നു. സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ചിത്രമെടുത്ത ശേഷമാണ് കുത്തിയത്. അക്രമിയെ പോലീസെത്തി കീഴ്‌പ്പെടുത്തി. ശ്രീനിവാസ് എന്നയാണ് കുത്തിയതെന്ന് അറിയിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ജഗന്‍ അധികാരത്തില്‍ എത്തുന്നത് തടയാനാണ് കുത്തിയതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. ഹൈദരാബാദിലേക്ക് പോകാന്‍ എത്തിയതായിരുന്നു ജഗന്‍. ഹൈദരാബാദ് കോടതിയില്‍ ജഗനെതിരെ ഒരു കേസുണ്ട്. വെള്ളിയാഴ്ചയാണ് ഹാജരാകേണ്ടത്. ശ്രീനിവാസിന് ഏതെങ്കിലും രാഷ്ട്രീയകക്ഷികളുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications