ജഗന്‍ മോഹന് വന്‍ തിരിച്ചടി; രണ്ട് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടി വിട്ടു, സ്വാഗതം ചെയ്യാന്‍ നായിഡു
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. രണ്ട് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഇവര്‍ രാജ്യസഭാ എംപി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിന് ഇവര്‍ രാജിക്കത്ത് കൈമാറി. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മോപ്പിദേവി വെങ്കട്ടരമണ, ബഡ മസ്താന്‍ റാവു, എന്നിവരാണ് രാജിവെച്ചത്. ഇതില്‍ വെങ്കട്ടരമണയുടെ കാലാവധി 2026 ജൂണ്‍ വരെയുണ്ട്. അതേസമയം മസ്താന്‍ റാവുവിന്റെ കാലാവധി 2028 വരെയാണ്. ഇരുവരും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയില്‍ ചേരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രപ്രദേശിലെ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരത്തെ ജഗന്‍ മോഹന്‍ റെഡ്ഡി നേരിട്ടിരുന്നു. അതിന് ശേഷമാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കുണ്ടാവുമെന്ന അഭ്യൂഹം ശക്തമായത്. നേരത്തെ വെങ്കട്ടരമണയും മസ്താന്‍ റാവുവും ചന്ദ്രബാബു നായിഡുവിനെ കണ്ടിരുന്നു. അതേസമയം രണ്ട് പേര്‍ രാജിവെച്ചതോടെ രാജ്യസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അംഗബലം ഒന്‍പത് എംപിമാരായി കുറഞ്ഞു.
ലോക്‌സഭയില്‍ നാല് എംപിമാരാണ് പാര്‍ട്ടിക്ക് ഉള്ളത്. അതേസമയം രാജിവെച്ചവര്‍ വൈകാതെ തന്നെ വീണ്ടും രാജ്യസഭയിലെത്തും. ഇവരെ ടിഡിപി നാമനിര്‍ദേശം ചെയ്യും. അത് മാത്രമല്ല രാജ്യസഭയില്‍ നിലവില്‍ സീറ്റുകളൊന്നും ടിഡിപിക്ക് ഇല്ല. ഇവരെ സഭയിലെത്തിക്കുന്നതോടെ അക്കൗണ്ട് തുറക്കാനും പാര്‍ട്ടിക്ക് സാധിക്കും. 2019 മുതല്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് രാജ്യസഭയില്‍ സീറ്റില്ല.
അതേസമയം മസ്താന്‍ റാവു നേരത്തെ ടിഡിപിയിലായിരുന്നു. ആന്ധ്രയിലെ കാവാലി മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു 2009 മുതല്‍ 2014 വരെ അദ്ദേഹം. 2019ലാണ് റാവു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. വെങ്കട്ടരമണ കോണ്‍ഗ്രസില്‍ നിന്നാണ് ജഗന്റെ പാര്‍ട്ടിയിലെത്തിയത്. രണ്ട് തവണ എംഎല്‍എയും, മന്ത്രിയുമായിരുന്നു രമണ.
ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ സര്‍ക്കാരിലായിരുന്നു വെങ്കട്ടരമണ മന്ത്രിയായിരുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് ജഗനെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ആകെ നാല് ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ ജഗന്റെ ഡല്‍ഹിയിലെ കരുത്തും ചോര്‍ന്നുകൊണ്ടിരിക്കുകയാണ്.
വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഈ രാജി ബിജെപിയെയാണ് സഹായിക്കുക. രാജ്യസഭയില്‍ ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു. ബിജെപി. നിര്‍ണായക ബില്ലുകള്‍ പലതും പാസാക്കാന്‍ ഇത് ബിജെപിയെ സഹായിക്കും. വൈഎസ്ആര്‍സിപി നേതാക്കള്‍ ടിഡിപിയില്‍ ചേരുന്നതോടെ എന്‍ഡിഎയുടെ മൊത്തം അംഗബലവും വര്‍ധിക്കും.












Click it and Unblock the Notifications