ജമ്മു കാശ്‌മീർ തിരഞ്ഞെടുപ്പ്; മോദിയും അമിത് ഷായും ഇറങ്ങും, ഇക്കുറി ആരുമായും സഖ്യമില്ല? പകരം ഈ തന്ത്രം
ന്യൂഡൽഹി: വരാനിരിക്കുന്ന ജമ്മു കാശ്‌മീർ നിയമസഭ തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നൊരുക്കങ്ങളുടെ അണിയറയിലാണ് ബിജെപി. അടുത്ത ആഴ്‌ച മുതൽ ശക്തമായ പ്രചരണവുമായി മുന്നോട്ട് പോവാനാണ് പാർട്ടിയുടെ തീരുമാനം. പ്രചരണത്തിൽ ഒട്ടും പിന്നോക്കം പോവാതിരിക്കാൻ തുടക്കത്തിൽ വമ്പൻ നേതാക്കളെ അവിടേക്ക് എത്തിക്കാനാണ് ബിജെപി ഒരുങ്ങുന്നത്,ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ ഇതിനെ ശരിവയ്ക്കുന്നത്.
താഴ്വരയിലെ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് നേതൃത്വം വഹിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നേരിട്ട് എത്തുമെന്നാണ് ലഭ്യമായ വിവരം. അടുത്തയാഴ്‌ച നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും. കൂടാതെ വിവിധ മേഖലകളിൽ നടക്കുന്ന റാലികൾക്ക് ഇവർ നേതൃത്വം നൽകുകയും ചെയ്യും.

ഇരുവർക്കും പുറമെ മന്ത്രിസഭയിലെ മറ്റ് പ്രമുഖരും കൂടി റാലികൾ നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ജെപി നഡ്ഡ എന്നിവരും പ്രചരണത്തിൽ സജീവമായി തന്നെ പങ്കെടുക്കും. ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി എത്രത്തോളം ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവെന്ന് വ്യക്തം.
നിയസഭാ തിരഞ്ഞെടുപ്പിൽ അടിമുടി മാറ്റങ്ങളുമായിട്ടാവും ബിജെപി ഇക്കുറി ഇറങ്ങുക. ഒരു പതിറ്റാണ്ടിന് ശേഷമാണ് കശ്‌മീർ താഴ്വര നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് തിരിയുന്നത്. ഈ കാലയളവിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ തന്ത്രങ്ങൾ സ്വീകരിച്ചു കൊണ്ടാവും ബിജെപിയുടെ പടപ്പുറപ്പാട് എന്ന കാര്യത്തിൽ ഏകദേശം ഉറപ്പായിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാവും ബിജെപി തീരുമാനം. എന്നാൽ സീറ്റുകളുടെ കാര്യത്തിൽ സ്വാതന്ത്രരുമായി ഫലം വന്ന ശേഷം ധാരണയിൽ എത്തുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്, ചെറു പാർട്ടികളെയും ഇക്കാര്യത്തിൽ ആശ്രയിക്കാനും സാധ്യതയുണ്ട്. അതിനർത്ഥം കശ്‌മീരിൽ ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ പരിഗണന എന്നതാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇക്കുറി മത്സര രംഗത്തുണ്ടാവുക ഭൂരിഭാഗവും പുതുമുഖങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഏതാണ്ട് 80 ശതമാനത്തോളം പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിലൂടെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനും കഴിയുമെന്നാണ് അവർ കരുതുന്നത്.
എന്തായാലും ഇന്ന് ജമ്മുവിൽ ബിജെപിയുടെ നിർണായക യോഗം ചേരുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. കേന്ദ്രമന്ത്രിയും ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുമുള്ള ജി കിഷൻ റെഡ്ഡി, കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ജമ്മു കാശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന, മറ്റ് ഉന്നത നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഇതിലാവും സ്ഥാനാർത്ഥികളെ സംബന്ധിച്ച തീരുമാനം ഉണ്ടാവുക എന്നാണ് സൂചന. അതിന് ശേഷമാവും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് കടക്കുക. നരേന്ദ്ര മോദിയുടെയും മറ്റ് ഉന്നത നേതാക്കളുടെയും വരവോടെ തിരഞ്ഞെടുപ്പ് പരിപാടികൾക്ക് കൂടുതൽ ജീവൻ വയ്ക്കുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications