കശ്‌മീരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്‌ച നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം അറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് ഈ കൂടിക്കാഴ്‌ച നിശ്ചയിച്ചിരിക്കുന്നത്. ജമ്മു കശ്‌മീരിലെ ചീഫ് ഇലക്‌ടറൽ ഓഫീസറാണ് രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് രാഷ്ട്രീയ പാർട്ടികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപൂക്കൾ അവലോകനം ചെയ്യുന്നതിനായി ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്‌റ്റ് 8-10 തീയതികളിൽ ജമ്മു കശ്‌മീർ സന്ദർശിക്കും എന്നറിയിച്ചിട്ടുണ്ട്. ഇതിനിടയിലാവും കൂടിക്കാഴ്‌ച നടക്കുക എന്നാണ് സൂചന.

കേന്ദ്രഭരണപ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി സെപ്റ്റംബർ 30 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് മാസത്തിലും കമ്മീഷൻ ജമ്മു കശ്‌മീർ സന്ദർശിച്ചിരുന്നു. ആ സമയത്ത് വൈകാതെ തന്നെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. അന്ന് രാജീവ് കുമാർ ഒറ്റയ്ക്കായിരുന്നു അവിടം സന്ദർശിച്ചത്.
അതിനിടെ ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ മാസത്തിൽ തന്നെ നടക്കുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്‌ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീവ്രവാദത്തെ തുരത്താനും ജമ്മു കശ്‌മീരിൽ സമാധാനം പുലരാനും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കശ്‌മീർ ജനതയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു.
ജമ്മു കശ്‌മീരിലെ രാഷ്ട്രീയ സാഹചര്യം
കഴിഞ്ഞ പത്ത് വർഷമായി ജമ്മു കശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2019ൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ജമ്മു കശ്‌മീരിരിന്റെ സംസ്ഥാന പദവി ഉൾപ്പെടെ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞിരുന്നു. ശേഷം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. ജമ്മു കശ്‌മീർ, ലഡാക് എന്നിങ്ങനെയായിരുന്നു അത്.
എന്നാൽ അതിൽ ജമ്മു കശ്‌മീരിന് മാത്രമാവും നിയമസഭ ഉണ്ടാവുക. ലഡാക്കിന് ഉണ്ടാവില്ലെന്നാണ് പുനഃസംഘടനാ നിയമത്തിൽ പറയുന്നത്. ഡല്‍ഹി മാതൃകയിലാവും ജമ്മു കശ്‌മീരിന് നിയമസഭ ഉണ്ടാവുക. എന്നാൽ ലഡാക് നേരിട്ട് ആഭ്യന്തര മന്ത്രലയത്തിന്റെ ഭരണത്തിൻ കീഴിലാവും. ലെഫ്. ഗവർണർക്കായിരിക്കും അധികാരം.
നിലവിൽ ജമ്മു കശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 90 സീറ്റുകളാണ് നിയമസഭയിൽ ഉണ്ടാവുക. പാക് അധീന കശ്‌മീർ ഉൾപ്പെടെയുള്ള മേഖലകളിലെ മണ്ഡലങ്ങളും കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 83 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
2014 നവംബർ-ഡിസംബർ മാസങ്ങളിലായിരുന്നു മുൻ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്‌മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും സഖ്യം സംസ്ഥാന സർക്കാർ രൂപീകരിക്കുകയായിരുന്നു.












Click it and Unblock the Notifications