ബിജെപിയുടെ മിഷൻ 'ജാർഖണ്ഡ്'; പ്രാദേശിക കക്ഷികളെയും ആദിവാസി വിഭാഗങ്ങളെയും ഒപ്പം നിർത്തി പരീക്ഷണം, വിജയിക്കുമോ?
റാഞ്ചി: അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ അഞ്ചോളം പ്രമുഖ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏതാണ്ട് പത്ത് വർഷത്തിന് ശേഷം ജമ്മു കാശ്‌മീർ പോളിങ് ബൂത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു, അവിടെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് നാളെ. ജാർഖണ്ഡിൽ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികൾ പലവിധത്തിലുള്ള പ്രവർത്തങ്ങളും തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
ഇത്തവണ സവിശേഷമായ സാഹചര്യമാണ് ജാർഖണ്ഡിൽ നിലനിൽക്കുന്നത്. ഏതാണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ട അതേ പാറ്റേണിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ചുരുക്കം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കേന്ദ്രത്തിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ജാർഖണ്ഡിൽ ചെറിയ ചില മാറ്റങ്ങളുണ്ടെന്ന് മാത്രം.

ഇവിടെ ഇന്ത്യ സഖ്യത്തിന്റെ മുൻ നിരയിൽ നിൽക്കുന്നത് ഹേമന്ത് സോറന്റെ ജെഎംഎം ആണ്, ഒപ്പമുള്ളത് കോൺഗ്രസും ആർജെഡിയും സിപിഐ എംഎല്ലുമാണ്. മറുവശത്ത് ബിജെപി തന്നെയാണ് എൻഡിഎക്ക് നേതൃത്വം നൽകുന്നത്. ജാർഖണ്ഡിൽ ഏത് വിധേനയും ഭരണത്തിലേറുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നമായി മാറി കഴിഞ്ഞ സാഹചര്യത്തിൽ ഒട്ടേറെ തന്ത്രങ്ങളുമായി അവർ കളംപിടിക്കുകയാണ്.
ബിജെപി ഇക്കുറി രണ്ടും കൽപിച്ചു തന്നെ
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സംസ്ഥാനത്ത് സമഗ്രമായ പദ്ധതിയാണ് ബിജെപി തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് നടപ്പിലാക്കുന്നതെന്ന് വ്യക്തം. താഴെത്തട്ടിൽ ഉള്ള പ്രവർത്തകരെ ഉണർത്തുക, പ്രാദേശിക കക്ഷികളുമായി കൂടുതൽ സഹകരണം ഉറപ്പാക്കുക, ആദിവാസി വിഭാഗത്തെ കൈയിലെടുക്കാനുള്ള അവസരങ്ങൾ മുതലാക്കുക എന്നിവയാണ് ബിജെപിയുടെ പ്രധാന തന്ത്രങ്ങൾ.
ഇത്തവണ സാധാരണ പ്രവർത്തകരുടെ മനസറിയാൻ ഒരു അഭിപ്രായ സർവേ പോലെ പാർട്ടിക്കുള്ളിൽ നടപ്പാക്കാനും അവർ മറന്നില്ല. അതിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെയും വിമർശനങ്ങളുടെയും ഒക്കെ കരുത്തോടെയാണ് അവർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടന്നത്. പഞ്ചായത്ത് തലം മുതലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ ഇതിൽ നേരിട്ടറിഞ്ഞു.
ഇക്കുറി മറ്റൊരു നിർണായക നീക്കവും അവർ നടത്തുകയുണ്ടായി. അതിലൊന്നാണ് പ്രാദേശിക കക്ഷികളുമായുള്ള സഹകരണം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നതും ഈ സഖ്യങ്ങൾ വഴിയാണ്. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള പ്രാദേശിക പാർട്ടികളായ ഓൾ ജാർഖണ്ഡ് സ്‌റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ യുണൈറ്റഡ് (ജെഡിയു) എന്നിവ ബിജെപിക്കൊപ്പം നിൽക്കും.
അതിന് പുറമെ പ്രധാന എതിരാളിയായ ഹേമന്ത് സോറന്റെ പാർട്ടി ജെഎംഎമ്മിൽ നിന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പായി സോറനെ കൊണ്ട് വന്നത് രണ്ട് തരത്തിൽ നോക്കി കാണാം. അതിലൊന്ന് മുന്നണിയുടെ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, മറ്റൊന്നാവട്ടെ സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ആദിവാസി വിഭാഗത്തെ കൈയിലെടുക്കുക എന്ന ഉദ്ദേശത്തോടെ.
ഗീത കോട ഉൾപ്പെടെയുള്ള നേതാക്കളെയും ഇതേ ലക്ഷ്യത്തോടെ തന്നെയാണ് മുന്നണിയിൽ എത്തിച്ചതെന്ന് വ്യക്തം. സാന്താൾ മേഖലയിൽ ഉൾപ്പെടെ അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള നിലപാട് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ ഉയരാൻ കാരണമാവും എന്നാണ് അവർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ മേൽപറഞ്ഞ ഘടകങ്ങൾ എല്ലാം അനുകൂലമായാൽ ഭരണം പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications