അധികാരം ലഭിച്ചാൽ ജാർഖണ്ഡിൽ എൻആർസി നടപ്പിലാക്കും; വാഗ്‌ദാനവുമായി ബിജെപി, ലക്ഷ്യം ഈ മേഖല
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ വോട്ടർമാരെ കൈയിലെടുക്കാൻ പുതിയ നീക്കവുമായി ബിജെപി. സംസ്ഥാനത്ത് അധികാരം നേടിയാൽ എൻആർസി (ദേശീയ പൗരത്വ രജിസ്‌റ്റർ) നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ വാഗ്‌ദാനം. സംസ്ഥാനത്ത് അതിക്രമിച്ചുവരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിന് ഇടയിലാണ് പുതിയ നീക്കം. സന്താൽ മേഖലയിൽ ഉൾപ്പെടെ വോട്ടർമാരെ സ്വാധീനിക്കുകയാണ് ഇതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ പ്രധാന പരാതികളിൽ ഒന്നാണ് അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്നത്. ഇത് മനസിലാക്കിയാണ് ബിജെപി കരുക്കൾ നീക്കുന്നത്. പ്രധാനമായും ആദിവാസി വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് അവർ ജെഎംഎമ്മിൽ നിന്ന് ചമ്പായി സോറനെ അടർത്തിയെടുത്ത് തങ്ങൾക്കൊപ്പം എത്തിച്ചത്.

സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന അനധികൃത കുടിയേറ്റം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇത്തരം നുഴഞ്ഞുകയറ്റം മൂലം ആദിവാദി വിഭാഗത്തിന്റെ സംസ്‌കാരത്തെയും അവരുടെ രീതികളെയും പോലും ബാധിക്കുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ചൗഹാൻ ആവശ്യപ്പെട്ടു. അധികം വൈകാതെ ബിജെപിയുടെ പ്രകടന പത്രിക പുറത്തുവിടുമെന്നും അദ്ദേഹം പറയുകയുണ്ടായി. 'കേവലം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാത്രമല്ലയിത്. നമ്മുടെ മണ്ണിനെ, സഹോദരിമാരെ, ഉപജീവനമാർഗങ്ങളെ ഒക്കെ സംരക്ഷിക്കാനുള്ള അവസരമാണിത്' അദ്ദേഹം പറഞ്ഞു.
'ഇത് നമ്മുടെ കടമയാണ്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ മൂലം സന്താൽ മേഖലയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നമുക്ക് നൽകുന്നത് മുന്നറിയിപ്പാണ്. ഒരുകാലത്ത് 44 ശതമാനം ഉണ്ടായിരുന്ന ആദിവാസി ജനസംഖ്യ ഇപ്പോൾ 28 ശതമാനം ആയി കുറഞ്ഞു. തുടർച്ചയായ നുഴഞ്ഞുകയറ്റങ്ങൾ കാരണം ബാക്കിയുള്ള ജനങ്ങളേയും ബാധിക്കുന്നു' അദ്ദേഹം പറയുന്നു.
ജെഎംഎം നേതൃത്വം നൽകുന്ന ഹേമന്ത് സോറൻ സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി നുഴഞ്ഞുകയറ്റം അനുവദിക്കുകയാണെന്ന് ചൗഹാൻ അറിയിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് ഹേമന്ത് സോറൻ സർക്കാർ ആധാർ കാർഡ് ഉൾപ്പെടെ അനുവദിക്കുകയാണ്. ഇതൊരു വെല്ലുവിളിയിലേക്ക് നയിക്കുമെന്നും ആദിവാസി വിഭാഗങ്ങളെ ഇല്ലാതാക്കുമെന്നും ചൗഹാൻ പറയുന്നു.
അതേസമയം, നിരവധി ജനപ്രിയ വാഗ്‌ദാനങ്ങളുടെ അകമ്പടിയോടെ ആവും ബിജെപിയുടെ പ്രകടന പത്രിക വരികയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ വനിതകളെയും യുവാക്കളെയും കൈയിലെടുക്കാനായി ധനസഹായം, ജോലി ഒഴിവുകൾ, തൊഴിലില്ലായ്‌മ വേതനം എന്നിവ നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻആർസി കൂടി സംസ്ഥാനത്ത് കൊണ്ട് വരാൻ അവർ ഒരുങ്ങുന്നത്.












Click it and Unblock the Notifications