'ഹേമന്ത് സോറനെതിരെ മത്സരിക്കാൻ ബിജെപിയിൽ ആളില്ല, 5 കോടി വരെ വാഗ്‌ദാനം ചെയ്‌തു'; ജെഎംഎം നേതാവ്
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ മത്സരിക്കാൻ ബിജെപിക്ക് ഇതുവരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജെഎംഎം നേതാവ് മനോജ് പാണ്ഡെ. ഹേമന്ത് സോറനെതിരെ മത്സരിക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ബിജെപി അഞ്ച് കോടിയുടെ പാക്കേജ് വാഗ്‌ദാനം ചെയ്‌തുവെന്നും മനോജ് പാണ്ഡെ അവകാശപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോറന്റെ മണ്ഡലമായ ബെർഹൈത്തിൽ ബിജെപിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മനോജ് പാണ്ഡെ പറയുന്നു. ബിജെപി വലിയ ഓഫർ മുന്നോട്ട് വച്ചെങ്കിലും ആരും അത് ഏറ്റെടുക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ പണം നൽകി സ്ഥാനാർത്ഥിയെ ഇറക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മനോജ് പാണ്ഡെ ആരോപിച്ചു.

'അവർ ഇപ്പോഴും തിരയുകയാണ്, എന്നിട്ടും യോജിച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആരെയെങ്കിലും പാട്ടിലാക്കാൻ പാർട്ടിക്കുള്ളിൽ തന്നെ 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പണം വാഗ്ദാനം ചെയ്‌ത് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. എന്നാൽ രാഷ്ട്രീയമായി രക്തസാക്ഷിത്വം വരിക്കാൻ ആരാണ് ആഗ്രഹിക്കുന്നത്?' മനോജ് പാണ്ഡെ ചോദിച്ചു.
ഹേമന്ത് സോറനെതിരെ മത്സരിക്കാൻ ആരും തയ്യാറാവുന്നില്ലെന്നും, മത്സരിച്ചാലും മണ്ഡലത്തിൽ നൂറോ നൂറ്റമ്പതോ വോട്ടുകളേ നേടാൻ കഴിയുകയുള്ളൂ എന്നും അവർക്ക് ധാരണ ഉള്ളതിനാലാണ് ബിജെപി ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ വന്നാൽ അവർക്കത് വലിയ നാണക്കേടാവുമെന്നും ജെഎംഎം നേതാവ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഉണ്ടാവില്ലെന്നാണ് കരുതുന്നത്. അങ്ങനെ ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ അത് പണത്തോട് ആർത്തിയുള്ള ആരെങ്കിലുമായിരിക്കുമെന്നും മനോജ് കൂട്ടിച്ചേർത്തു. ഒക്ടോബർ 24നാണ് ബർഹൈത്ത് മണ്ഡലത്തിൽ ഹേമന്ത് സോറൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഭാര്യ കൽപ്പന സോറൻ ഗാണ്ഡേ മണ്ഡലത്തിലും പത്രിക സമർപ്പിച്ചിരുന്നു.
അതേസമയം, ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായ സാന്താൾ മേഖലയിലാണ് ബർഹൈത്ത് മണ്ഡലവുമുള്ളത്. അതുകൊണ്ട് തന്നെ ഹേമന്ത് സോറനും കൂട്ടരും വലിയ ആത്മവിശ്വാത്തിലാണ്. 2019 തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലായിരുന്നു സോറൻ മത്സരിച്ചത്. ബർഹൈത്ത് മണ്ഡലത്തിന് പുറമേ ധുംകയിലും അദ്ദേഹം മത്സരിച്ചിരുന്നു.
എന്നാൽ ഇക്കുറി ഒരിടത്ത് നിന്ന് മാത്രമാണ് ഹേമന്ത് സോറൻ ജനവിധി തേടുന്നത്. അത് തന്നെ ജെഎംഎമ്മിന്റെയും സോറന്റെയും ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന കാര്യമാണ്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ഇരുപത്തയ്യായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹേമന്ത് സോറൻ വിജയിച്ചത്. ഈ മുന്നേറ്റം ആവർത്തിക്കാമെന്നാണ് അദ്ദേഹവും പാർട്ടിയും കരുതുന്നത്.












Click it and Unblock the Notifications