ചംപയ് സോറന്‍ സരായ്‌കേലയില്‍, ജാര്‍ഖണ്ഡില്‍ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ഡി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നെത്തിയ ചംപയ് സോറന്‍, സീത സോറന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ബാബുലാല്‍ മറാണ്ഡി ധന്‍വറില്‍ നിന്നാണ് മത്സരിക്കുന്നത്. ചംപയ് സോറന്‍ സരായ്‌കേലയിലാണ് മത്സരിക്കുന്നത്.
സീത സോറന്‍ ജാംതാരയിലാണ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സരായ്‌കേലയില്‍ നിന്ന് 1991 മുതല്‍ വിജയിക്കുന്ന നേതാവാണ് ചംപയ് സോറന്‍. ഈ സീറ്റ് അദ്ദേഹത്തിന് തന്നെ ബിജെപി നല്‍കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം കോണ്‍ഗ്രസാണ് സരായ്‌കേലയില്‍ നിന്ന് ചംപയ് സോറനെതിരെ മത്സരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഹേമന്ദ് സോറനെതിരെ ആരാകും മത്സരിക്കുക എന്ന് ബിജെപി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഇന്ത്യ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഹേമന്ദ് സോറന്‍ അറിയിച്ചിരുന്നു. സംസ്ഥാനത്താകെ 81 സീറ്റുകളാണ് ഉള്ളത്. 68 സീറ്റുകളില്‍ ബിജെപി മത്സരിക്കുമ്പോള്‍, 13 സീറ്റുകളാണ് സഖ്യകക്ഷികള്‍ക്കായി വിട്ടുകൊടുക്കുക.
ചംപയ് സോറന്‍ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ്. ഹേമന്ദ് സോറന്റെ വിശ്വസ്തന്‍ കൂടിയായിരുന്നു അദ്ദേഹം. ഹേമന്ദ് സോറന്‍ ജയിലിലായപ്പോഴാണ് ചംപയ് സോറന്‍ മുഖ്യമന്ത്രിയായത്. എന്നാല്‍ അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ചംപയ് സോറന് നഷ്ടപ്പെട്ടു. പാര്‍ട്ടിയില്‍ താന്‍ അപമാനിതനായെന്ന് ആരോപിച്ചാണ് ചംപയ് സോറന്‍ പാര്‍ട്ടി വിട്ടത്.
സീതാ സോറനെ നേരത്തെ ജെഎംഎമ്മില്‍ നിന്ന് പുറത്താക്കിയതാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു പുറത്താക്കല്‍. ഹേമന്ദ് സോറന്റെ ബന്ധുവാണ് സീത സോറന്‍. മൂന്ന് തവണ ജെഎംഎം ടിക്കറ്റില്‍ എംഎല്‍എയായിരുന്നു അവര്‍. 2009ല്‍ ഭര്‍ത്താവായ ദുര്‍ഗ സോറന്‍ മരിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് തനിക്ക് അവഗണനയാണ് നേരിട്ടതെന്ന് സീത സോറന്‍ ആരോപിച്ചിരുന്നു.
മറ്റ് പ്രമുഖ പേരുകളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കോഡര്‍മയില്‍ നിന്ന് നീര യാദവ് മത്സരിക്കും. ഗാണ്ടെയില്‍ നിന്ന് മുനിയ ദേവിയും, സിന്ധ്രിയില്‍ നിന്ന് താരാ ദേവി, നിര്‍സയില്‍ അപര്‍ണ സെന്‍ ഗുപ്ത, ജാരിയയില്‍ രാഗണി സിംഗ്, ചായ്ബാസയില്‍ ഗീത ബാല്‍മുച്ചു, പുഷ്പ ദേവി ഭൂയിയ്യാന്‍ ഛതാര്‍പൂരിലും മത്സരിക്കും.












Click it and Unblock the Notifications