ജാർഖണ്ഡിൽ ജെഎംഎം സഖ്യം ഉറപ്പിച്ച് കോൺഗ്രസ്; സംസ്ഥാനത്ത് സർക്കാർ രുപീകരിക്കുമെന്ന് ആണയിട്ട് ബിജെപി
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ജാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മുമായുള്ള സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പിലെ അന്തിമ സീറ്റ് വിഭജന വിവരങ്ങൾ അധികം വൈകാതെ പുറത്ത് വരുമെന്നും കോൺഗ്രസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ പേരിലാവും പോരാട്ടമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
'സംസ്ഥാനത്ത് ഞങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കും. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം വൈകാതെ തന്നെ ഉണ്ടാവും. ഞങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പിൻബലത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.' എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ കേശവ് മഹ്‌തോ അറിയിച്ചത്. ഹരിയാനയിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം നടക്കുന്ന ഇ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറെ നിർണായകമാണ്.

ജെഎംഎമ്മും കോൺഗ്രസുമായുള്ള സഖ്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു രംഗത്ത് വന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയ്ക്ക് എതിരെ ഗുരുതര ആരോപണവും ജെഎംഎം നേതൃത്വം ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കുന്ന കാര്യം ഹിമന്ത എങ്ങനെ അറിഞ്ഞുവെന്നായിരുന്നു അവരുടെ ചോദ്യം. ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ ആഞ്ഞടിച്ചു.
എന്നാൽ ജെഎംഎമ്മിന് പരാജഭീതി ആണെന്നായിരുന്നു ബിജെപിയുടെ മറുപടി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും അധികം വൈകാതെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നും ബിജെപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസും ജെഎംഎമ്മും സഖ്യത്തെ കുറിച്ചും വിജയ സാധ്യതകളെ കുറിച്ചുമൊക്കെ മനസ് തുറന്നത്. സംസ്ഥാനത്ത് 81 സീറ്റുകളിൽ ജെഎംഎമ്മും സഖ്യ കക്ഷികളും ചേർന്ന് മത്സരിക്കുമെന്നാണ് ഹേമന്ത് സോറൻ അറിയിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ സീറ്റുകളിലും ഭരണകക്ഷിയായ ജെഎംഎം തന്നെയാവും. കോൺഗ്രസിനും മോശമല്ലാത്ത സീറ്റുകൾ ഉണ്ടാവും.
ജാർഖണ്ഡിൽ വോട്ടെടുപ്പ് രണ്ട് ഘട്ടമായി
ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ന് വൈകീട്ടോടെയാണ് ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുക. ഫല പ്രഖ്യാപനം വരുന്നതാവട്ടെ നവംബർ 23നും ആയിരിക്കും. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.ഫലം നവംബർ 23ന് തന്നെയാവും പ്രഖ്യാപിക്കുക.
നിലവിലെ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുക. ജെഎംഎം നേതൃത്വം നൽകുന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ആകെ 81 സീറ്റുകളാണ് സംസ്ഥാനത്തെ നിയമസഭയിലുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 2.6 കോടി വോട്ടർമാരാണ് ഉള്ളത്, അതിൽ 1.29 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരുമാണെന്ന് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.












Click it and Unblock the Notifications