അഞ്ച് വർഷം മുൻപ് ഹേമന്ത് സോറന് വയസ് 42, ഇപ്പോൾ 49..! സത്യവാങ്മൂലത്തിലെ പിഴവ് ആയുധമാക്കി ബിജെപി
റാഞ്ചി: രാജ്യമാകെ ഉറ്റുനോക്കുന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മാസം നടക്കാനിരിക്കുന്നത്. അതിൽ എൻഡിഎയും ഇന്ത്യ സഖ്യവും ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ഒരിടമാണ് ജാർഖണ്ഡ്. ജയം പിടിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ഇവിടെ പാർട്ടികൾ. അതിനിടയിലാണ് പ്രതിപക്ഷമായ ബിജെപിക്ക് തങ്ങളെ അടിക്കാനുള്ള വടി ഭരണകക്ഷിയായ ജെഎംഎമ്മിന്റെ സാരഥിയും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ തന്നെ നൽകിയിരിക്കുന്നത്.
സത്യവാങ്മൂലത്തിൽ തന്റെ വയസ് നൽകിയപ്പോൾ വരുത്തിയ പിഴവിലാണ് ഇപ്പോൾ ബിജെപിയിൽ നിന്നും ഹേമന്ത് സോറൻ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത്. നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് വയസിൽ ഗുരുതരമായ ഒരു പിഴവ് സോറൻ വരുത്തിയത് കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ കാട്ടിയ വയസിൽ നിന്നും ക്രമാതീതമായ ഉയർച്ചയാണ് ഇത്തവണത്തെ പത്രികയിൽ വരുത്തിയിരിക്കുന്നത്.

ഇതോടെ സംഭവം ബിജെപി ഏറ്റെടുക്കുകയും ചെയ്‌തു. 2019 തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഹേമന്ത് സോറന് പ്രായം 42 ആയിരുന്നു എന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അഞ്ച് വർഷത്തിന് ഇപ്പുറം നൽകിയ പത്രികയിലെ സത്യവാങ്മൂലത്തിൽ വയസ് 49 ആണെന്നാണ് കാണിച്ചിരിക്കുന്നത്. ഈ പിഴവാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്.
അതായത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഹേമന്ത് സോറന് രേഖാപ്രകാരം വർധിച്ചത് ഏഴ് വയസാണ്. ഇതോടെ ബിജെപി വിഷയം വലിയ രീതിയിൽ പ്രചാരണത്തിന് ഏറ്റെടുത്തിരിക്കുകയാണ്. അഞ്ച് വർഷം കൊണ്ട് ഏഴ് വൈസ് വർധിക്കുന്ന പ്രതിഭാസം ജാർഖണ്ഡിൽ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ എന്നായിരുന്നു ബിജെപി വക്താവ് പ്രതുൽ ഷാ ഡിയോ ചൂണ്ടിക്കാണിച്ചത്.
സംഭവം വിവാദമായതോടെ ജെഎംഎം തന്നെ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്. ഹേമന്ത് സോറന്റെ വയസ് തെളിയിക്കുന്ന കൃത്യമായ രേഖകൾ കൈവശം ഉണ്ടെന്നാണ് ജെഎംഎം പറയുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി തോൽവി വഴങ്ങിയെന്നും അതുകൊണ്ടാണ് അവർ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജെഎംഎം മറുപടിയിൽ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ ഇപ്പോഴിതാ ജാർഖണ്ഡിലെ ചുമതല വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരുകാരണവശാലും ഹേമന്ത് സോറന്റെ പത്രിക റദ്ദാക്കരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹേമന്ത് സോറനുള്ള മറുപടി സാധാരണക്കാരായ ജനങ്ങൾ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ രൂപത്തിൽ നൽകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഹേമന്ത് സോറനും ജെഎംഎമ്മിനും തിരിച്ചടിയോ?
ബിജെപി ഉയർത്തിയ പ്രായത്തിലെ പൊരുത്തക്കേട് ഹേമന്ത് സോറനും ജെഎംഎമ്മിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. 2019ലെ രേഖകൾ ശരിയാണെന്ന് വാദിച്ചാൽ ഈ തവണത്തെ നാമനിർദ്ദേശ പത്രികയെ ബാധിക്കുമെന്നതാണ് പ്രശ്‌നം. മറിച്ച് ഈ തവണത്തെ പ്രായമാണ് യാഥാർത്ഥം എന്ന് പറയുകയാണെങ്കിൽ 2019ലെ സത്യവാങ്മൂലത്തിന് സോറൻ മറുപടി പറയേണ്ടി വരും.
അതേസമയം, കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച സോറൻ ഇക്കുറി ബർഹൈത്തിൽ നിന്ന് മാത്രമാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ഇരുപത്തയ്യായിരം വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷവുമായാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ജയിച്ചു കയറിയത്. ബിജെപി ഇക്കുറി യുവരക്തമായ ഗാംലിയേൽ ഹെംബ്രോമിനെയാണ് സോറനോട് ഏറ്റുമുട്ടാൻ നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications