ജാർഖണ്ഡിൽ 'കനലൊരു തരി' മതി; ഇന്ത്യയുടെ കുതിപ്പിൽ നേട്ടമുണ്ടാക്കി സിപിഐ-എംഎൽ, ഒരു സീറ്റിൽ ലീഡ്
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ഇന്ത്യ സഖ്യം വലിയ തിരിച്ചുവരവാണ് സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കുതിച്ചപ്പോൾ തോൽവിയിലേക്ക് വീഴുമോ എന്ന് ഭയന്ന ഭരണകക്ഷി പക്ഷേ പിന്നീട് അങ്ങോട്ട് കത്തിക്കയറുകയായിരുന്നു. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷം മറികടന്നിട്ടുണ്ട്. അതിൽ ലീഡ് നില ഭദ്രമായി മുന്നോട്ട് കൊണ്ട് പോവുന്നവരിൽ ഒരു ഇടത് സ്ഥാനാർത്ഥിയുമുണ്ട്.
സിപിഐ, സിപിഎം കക്ഷികളുടെ സ്ഥാനാർത്ഥിയല്ല അദ്ദേഹം, ജാർഖണ്ഡിലെ പ്രബല ഇടത് പക്ഷ പാർട്ടികളിൽ ഒന്നായ സിപിഐഎംഎൽ സ്ഥാനാർത്ഥിയാണ് അദ്ദേഹം. നിർസ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയായ അരൂപ് ചാറ്റർജിയാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായ അപർണ സെൻഗുപ്തയേക്കാൾ മൂവായിരത്തിൽ അധികം വോട്ടുകൾക്കാണ് അരൂപ് ചാറ്റർജി ലീഡ് ചെയ്യുന്നത്.

അപ്രതീക്ഷിത മുന്നേറ്റമാണ് ഇവിടെ അരൂപ് നടത്തിയിരിക്കുന്നത്. എന്നാൽ സിപിഐഎംഎൽ ഏറ്റവുമധികം പ്രതീക്ഷ വച്ചിരിക്കുന്ന സിറ്റിങ് എംഎൽഎ കൂടിയായ വിനോദ് സിംഗ് നിലവിൽ പിന്നിലാണ്. ബാഗോദർ മണ്ഡലത്തിൽ മത്സരിച്ച വിനോദ് സിംഗ് മികച്ച മുന്നേറ്റമാണ് ഇവിടെ തുടക്കം മുതൽ നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ നിലവിൽ ലീഡ് നില ബിജെപിക്കാണ് ഇവിടെ.
മറ്റൊരു സീറ്റായ സിന്ധ്രിയിലും മികച്ച പോരാട്ടമാണ് സിപിഐഎംഎൽ നടത്തി കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രതീക്ഷയോടെ സിപിഐഎംഎൽ നോക്കി കാണുന്നത് ബഗോദാർ മണ്ഡലത്തിൽ വിനോദ് സിംഗിന്റെ പ്രകടനമാണ്. കഴിഞ്ഞ തവണയും ഇവിടെ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ആ പ്രകടനം ആവർത്തിക്കാൻ കഴിയുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്.
സിപിഐഎംഎൽ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. അത് മുന്നണിയിൽ അവരുടെ പ്രാധാന്യം വർധിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ആകെ നാല് സീറ്റുകളിലാണ് സിപിഐഎംഎൽ മത്സരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് മോശമല്ല സ്വാധീനം ചെലുത്താൻ ശേഷിയുള്ള പാർട്ടി കൂടിയാണ് സിപിഐഎംഎൽ.
അതേസമയം, സംസ്ഥാനത്ത് മികച്ച മുന്നേറ്റമാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ എൻഡിഎ ലീഡ് നേടിയതോടെ ആശങ്കയിലായിരുന്ന ഭരണകക്ഷിക്ക് അധിക നേരം തലകുനിച്ചു നിൽക്കേണ്ടി വന്നില്ല. ഫലപ്രഖ്യാപനം ഓരോ മണിക്കൂർ പിന്നിടുമ്പോഴും വ്യക്തമായ മേൽക്കൈയോട് കൂടി അവർ മുന്നേറുന്ന കാഴ്‌ചയാണ് പിന്നെ കണ്ടത്. നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിലാണ് ഇന്ത്യ സഖ്യത്തിന്റെ സീറ്റ് നില.












Click it and Unblock the Notifications