'ചമ്പായി സോറന്റെ വരവ്, നുഴഞ്ഞുകയറ്റ വിവാദം'; ബിജെപിക്ക് രക്ഷയില്ല, കോട്ട കൈവിടാതെ ഹേമന്ത് സോറൻ
റാഞ്ചി: രാജ്യം ഏറെ ഉറ്റുനോക്കിയ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പരിസമാപ്‌തിയിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയിൽ സ്വപ്‌നത്തിൽ പോലും കാണാത്ത വിജയമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തെ തേടിയെത്തുന്നത്. എന്നാൽ ജാർഖണ്ഡിൽ സ്ഥിതി വ്യത്യസ്‌തമാണ്. എക്‌സിറ്റ് പോളുകൾ മിക്കവയും എൻഡിഎയ്ക്ക് നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നു. അതിനെയൊക്കെ കടപുഴക്കി കൊണ്ടാണ് ഫലം വരുന്നത്.
ജാർഖണ്ഡിൽ ഭരണകക്ഷി സഖ്യമായ ഇന്ത്യ വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്. ആദ്യഘട്ടത്തിൽ തിരിച്ചടി മണത്തെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കവേ പതിയെ ട്രാക്കിലെത്തിയ അവർ തുടർച്ചയായ രണ്ടാംവട്ടവും സംസ്ഥാനത്തെ ഭരണകക്ഷിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാൽ ബിജെപിയെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ മിന്നും ജയം ആഹ്‌ളാദം പകരുമെങ്കിലും അവരെ ആശങ്കയിലാക്കുന്നത് ജാർഖണ്ഡിലെ ജയമാണ്.

ഇത്തവണ ജാർഖണ്ഡിൽ രണ്ടും കൽപിച്ച് തന്നെയായിരുന്നു ബിജെപി ഇറങ്ങിയത്. മോദിയും അമിത് ഷായും യോഗിയും ഉൾപ്പെടെ താരപ്രചാരകർ പലതവണ വന്നിട്ടും സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇത് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും എന്നത് യാഥാർഥ്യമാണ്. കൂടാതെ പരാജയപ്പെട്ട രണ്ട് തന്ത്രങ്ങളും ബിജെപിയെ വല്ലാതെ അലട്ടുന്നുണ്ട്. ചമ്പായി സോറന്റെ വരവും ആദിവാസി വിഭാഗത്തിന്റെ പിന്തുണ കിട്ടതുമാണ് ഈ വിഷയങ്ങൾ.
ചമ്പായി സോറൻ വന്നിട്ടും ഗുണമായില്ല
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. ഇതിനായി നേരത്തെ തന്നെ അവർ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ അധികാരം തിരിച്ചുപിടിക്കാൻ ബിജെപി ഒരു മാസ്‌റ്റർപ്ലാൻ തയ്യാറാക്കിയിരുന്നു.
അതിലെ ആദ്യ കരുനീക്കമായിരുന്നു ചമ്പായി സോറന്റെ വരവ്. ഹേമന്ത് സോറന്റെ നിഴലിൽ ഒതുങ്ങിപ്പോവുന്നതിന്റെ അതൃപ്‌തി പേറുകയായിരുന്ന ചമ്പായി സോറന്റെ ദൗർബല്യം തന്നെ മുതലെടുത്ത് അവർ തങ്ങളുടെ പാളയത്തിൽ എത്തിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാനുള്ള ഒന്നാമത്തെ നീക്കമായിരുന്നു അത്.
സാന്താൾ പാർഗാന മേഖലയിൽ അടക്കം നേട്ടമുണ്ടാക്കാൻ എന്ന മോഹമായിരുന്നു ബിജെപിയെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ ചമ്പായി സോറന്റെ വരവ് കൊണ്ട് മേഖലയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപിപ്പിക്കുന്നത്. അത് ബിജെപി നേതൃത്വത്തെ വല്ലാതെ അലട്ടുമെന്ന് ഉറപ്പാണ്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റം, ഭൂമി, പാരമ്പര്യം: വെള്ളത്തിൽ വരച്ച വരയായപ്പോൾ
ബംഗ്ലാദേശി നുഴഞ്ഞുകയറ്റ വിഷയം പ്രധാനമാക്കി നിർത്തിക്കൊണ്ടാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അത് എവിടെയും ഏശിയില്ലെന്ന് വ്യക്തം. ആദിവാസി മേഖലകളിൽ വോട്ട് നേടാൻ ഈ പ്രചാരണം സഹായിക്കുമെന്ന ബിജെപിയുടെ ധാരണ മിഥ്യയായിരുന്നു എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജെഎംഎം ആവട്ടെ തങ്ങളുടെ കോട്ടകളിൽ വിള്ളൽ വീഴാതെ പിടിച്ചുനിർത്തുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വലിയ നേട്ടമാവുക ഹേമന്ത് സോറന് തന്നെയായിരിക്കും.












Click it and Unblock the Notifications