ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍, ഒറ്റയ്ക്ക് മത്സരിക്കും; 12 സീറ്റ് വേണമെന്ന് ആര്‍ജെഡി
റാഞ്ചി: ജാര്‍ഖണ്ഡിലെ ഇന്ത്യ സഖ്യത്തിലും പ്രശ്‌നങ്ങള്‍. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍. ഇന്ത്യ സഖ്യത്തിനോട് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയോ കോണ്‍ഗ്രസോ തയ്യാറായിട്ടില്ല.
കൂടുതല്‍ സീറ്റുകളില്‍ ജെഎംഎമ്മും കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ആറ് സീറ്റുകളാണ് ആര്‍ജെഡിക്കായി ജെഎംഎം നല്‍കാന്‍ തയ്യാറുള്ളത്. എന്നാല്‍ ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് മനോജ് ജാ ഇതുകൊണ്ടൊന്നും പാര്‍ട്ടി തൃപ്തിപ്പെടില്ലെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ്. ഇത് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്.

പന്ത്രണ്ട് മുതല്‍ 13 സീറ്റ് വരെയാണ് മനോജ് ജാ ജാര്‍ഖണ്ഡില്‍ ആര്‍ജെഡിക്കായി ആവശ്യപ്പെടുന്നത്. അതില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മനോജ് ജാ മുന്നറിയിപ്പ് നല്‍കി. അതേസമയം കോണ്‍ഗ്രസും ജെഎംഎമ്മും മത്സരിക്കുന്ന സീറ്റുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് ആകെയുള്ള 81 സീറ്റുകളില്‍ 70 എണ്ണത്തില്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മത്സരിക്കും. ഇക്കാര്യം ഹേമന്ദ് സോറന്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ളത് 11 സീറ്റുകളാണ്. ഇത് ആര്‍ജെഡിക്കും ഇടതുപാര്‍ട്ടികള്‍ക്കുമായിട്ടാണ് നല്‍കുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ ആര്‍ജെഡിക്കും, ബാക്കിയുള്ള അഞ്ച് സീറ്റുകള്‍ ഇടതുപാർട്ടികള്‍ക്കുമായി നല്‍കാനാണ് സഖ്യത്തിലെ ധാരണ. ഇക്കാര്യം പക്ഷേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ജാര്‍ഖണ്ഡില്‍ പ്രതീക്ഷിച്ച അത്ര മുന്നേറ്റം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ആര്‍ജെഡിയില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ കരുത്തുറ്റ പാര്‍ട്ടിയാണ് ആര്‍ജെഡിയെന്ന് മനോജ് ജാ അവകാശപ്പെടുന്നു. 20 സീറ്റുകളില്‍ വരെ പാര്‍ട്ടിക്ക് ആധിപത്യമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.
ഞങ്ങളുടെ ഏക ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തലാണ്. ഇന്ത്യ സഖ്യത്തെ ഞങ്ങളൊരിക്കലും അട്ടിമറിക്കില്ല. ഞങ്ങള്‍ ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിച്ചാലും, ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികളെ 60-62 സീറ്റുകളില്‍ പിന്തുണയ്ക്കുമെന്നും ജാ വ്യക്തമാക്കി. 2019ല്‍ ആര്‍ജെഡി 7 സീറ്റുകളിലാണ് മത്സരിച്ചത്. വിജയിച്ചത് ആകെ ഒരു സീറ്റിലായിരുന്നു.
ജെഎംഎം 43 സീറ്റില്‍ മത്സരിച്ച് 30 സീറ്റില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് 31 സീറ്റില്‍ മത്സരിച്ചപ്പോള്‍ 16 സീറ്റില്‍ വിജയിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് 47 സീറ്റ് നേടിയതോടെ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. 41 സീറ്റാണ് ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷത്തിനായി വേണ്ടത്. ഇത്തവണ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.
ഹേമന്ദ് സോറന് സംസ്ഥാനത്ത് കരുത്തുവര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റ് അടക്കം സോറനെ കരുത്തുറ്റ നേതാവാക്കി മാറ്റിയെന്നാണ് ജെഎംഎം പറയുന്നത്. അതേസമയം എന്‍ഡിഎ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതാണ്. 68 സീറ്റിലാണ് അവര്‍ മത്സരിക്കുക. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്‍ പത്ത് സീറ്റിലും ജെഡിയു രണ്ട് സീറ്റിലും, എല്‍ജെപി ഒരു സീറ്റിലും മത്സരിക്കും.












Click it and Unblock the Notifications