ഹരിയാനയിലെ വിജയം ബിജെപിക്ക് നൽകുക വർധിതവീര്യം; ഇനി ലക്ഷ്യം ജാർഖണ്ഡ്, സൂചന നൽകി ചമ്പായി സോറൻ
റാഞ്ചി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപി ക്യാമ്പുകൾ ആശ്വാസത്തിലാണ്. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് പൊതുവേ എല്ലാവരും കരുതിയിരുന്ന സംസ്ഥാനത്ത് പക്ഷേ അതിനെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് ബിജെപി മൂന്നാമതും അധികാരത്തിൽ വരുന്നത്. എന്നാൽ ഈ വിജയം ഗുണമാവുക വരാനിരിക്കുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾക്ക് കൂടിയാണ്.
അതിൽ തന്നെ ബിജെപി അടുത്ത ലക്ഷ്യമായി കരുതുന്നത് ജാർഖണ്ഡിനെ തന്നെയാണ്. ജയിലിൽ അടച്ചിട്ടും പുറത്തുവന്ന് കരുത്തോടെ നിൽക്കുന്ന ഹേമന്ത് സോറന്റെ ജെഎംഎം-കോൺഗ്രസ് സഖ്യത്തെ ചെറുത്ത് തോൽപ്പിക്കാൻ പതിനെട്ടടവും പയറ്റാനായിരിക്കും അവരുടെ തീരുമാനം. ഹരിയാനയിലെ വിജയത്തിന് പിന്നാലെ ഇതൊരു സൂചന മാത്രമാണെന്ന ചമ്പായി സോറന്റെ വാക്കുകൾ ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

ഹിന്ദി സംസ്ഥാനങ്ങളിൽ തുടരുന്ന മോശം പ്രകടനം ഇക്കുറി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തിരിച്ചടിയായേക്കും. ഹരിയാനയിൽ എക്‌സിറ്റ് പോളുകൾ ഒന്നടങ്കം ഭരണമാറ്റം പ്രവചിച്ചപ്പോഴും അതിനെ കടപുഴക്കിയ ബിജെപി വിജയം ജാർഖണ്ഡിൽ കൂടി ആവർത്തിക്കാമെന്നാണ് പാർട്ടി കരുതുന്നത്. അതിനുള്ള മുന്നൊരുക്കങ്ങൾ മുൻപേ തുടങ്ങിയതുമാണ്.
ഹരിയാന ഫലം വന്നതിന് പിന്നാലെ ജെഎംഎം വിട്ട് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ചമ്പായി സോറന്റെ വാക്കുകൾ തന്നെ അതിന് ഉദാഹരണം. 'ഹരിയാന വെറും സൂചന മാത്രമാണ്, ജാർഖണ്ഡ് ഇനിയും ബാക്കിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബിജെപിയുടെ ആത്മവിശ്വാസം തന്നെയാണ് ഈ വാക്കുകളിൽ പ്രകടമാവുന്നത്.
ജാർഖണ്ഡിൽ എന്തൊക്കെ സാധ്യതകൾ?
സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാൻ ഏതറ്റം വരെയും പോവാൻ ബിജെപി ഒരുക്കമാണെന്ന് അവർ പറയാതെ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രകടന പത്രികയ്ക്ക് മുൻപ് തന്നെ നൽകിയ വാഗ്‌ദാനങ്ങൾ അതിന്റെ സൂചനയാണ്. എൻആർസി, യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള ക്ഷേമ പദ്ധതികൾ എന്നിവ ഇതിൽ ചിലത് മാത്രമാണ്. അത് കൂടാതെ സോറൻ സർക്കാരിനെ എപ്പോഴും വിമർശിക്കുകയും ചെയ്യുന്നുണ്ട്.
ഹരിയാനയിൽ ജാട്ട് വിഭാഗത്തിന്റെ വോട്ട് സമ്പൂർണമായി നഷ്‌ടമായി എന്ന പ്രതീതി ഉണ്ടാക്കിയിടത്ത് നിന്ന് മറ്റ് ജാതി വോട്ടുകളിൽ കടന്നുകയറി അവ നേടിയെടുത്ത തന്ത്രം തന്നെയാണ് അവർ ജാർഖണ്ഡിലും പ്രയോഗിക്കുന്നത്. ഇവിടെ അവർ ആദിവാസി വിഭാഗത്തെയാണ് ലക്‌ഷ്യം വയ്ക്കുന്നതെന്ന് മാത്രം. അതിന്റെ ഭാഗമാണ് ചമ്പായി സോറന്റെ പോലും വരവ്.
ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് പ്രചരണം കടുപ്പിക്കാൻ ബിജെപി ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് കോൺഗ്രസും ഇന്ത്യ സഖ്യവും ഉണ്ടാക്കിയെടുത്ത മേൽവിലാസം പൂർണമായി തകർക്കുകയാണ് അവരുടെ ലക്ഷ്യം. അത് സാധ്യമാവുമോ എന്ന് മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകൾ തീരുമാനിക്കും.












Click it and Unblock the Notifications