ജാർഖണ്ഡിൽ എംഎൽഎമാരുടെ ശരാശരി ആസ്‌തി 3.7 കോടി..! കൽപ്പന സോറനും മുന്നിൽ, സമ്പാദ്യം 25 കോടി?
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിന്റെ മുന്നൊരുക്കങ്ങളുമായി മുന്നണികൾ തിരക്കിലാണ്. അതിനിടയിൽ വ്യത്യസ്‌തമായ ചില കണക്കുകൾ കൂടി പുറത്ത് വരുന്നുണ്ട്. നിലവിൽ സംസ്ഥാനത്തുള്ള നിയമസഭംഗങ്ങളിൽ ഏറ്റവും ആസ്‌തി കൂടിയ എംഎൽഎമാരുടെ പട്ടികയും അവരുടെ സമ്പാദ്യത്തെ കുറിച്ചുള്ള വിവരങ്ങളുമാണ് പുറത്ത് വന്നിരിക്കുന്നത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യം മുഖ്യമന്ത്രിയും ജെഎംഎം തലവനുമായ ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറന്റെ പേരിലുള്ള സമ്പത്താണ്. നിലവിൽ ഗാണ്ഡെ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് കൽപ്പന. സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാരിൽ മൂന്നാം സ്ഥാനത്താണ് കൽപ്പന ഇപ്പോഴുള്ളത് എന്നാണ് വിവിധ ഡാറ്റകൾ സൂചിപ്പിക്കുന്നത്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ജാർഖണ്ഡ് ഇലക്ഷൻ വാച്ചും സമാഹരിച്ച കണക്കുകൾ പ്രകാരമാണ് കൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അത് കോടിക്കണക്കിന് രൂപയുടെ സമ്പത്താണ് അവരുടെ പേരിലുള്ളത്. 8.7 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ ഉൾപ്പെടെ 25 കോടിയിലധികം രൂപയുടെ ആസ്‌തിയാണ് ആകെ ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ പത്നിയുടെ പേരിലുള്ളത്.
നിലവിൽ വീണ്ടും ഇതേ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ ഒരുങ്ങുകയാണ് കൽപ്പന സോറൻ. നേരത്തെ ഹേമന്ത് സോറൻ ജയിലിൽ പോയപ്പോഴാണ് കൽപ്പന പാർട്ടിയുടെ മുഖമായി മാറിയത്. വെറുമൊരു സാധാരണ വീട്ടമ്മ മാത്രമായിരുന്ന കൽപ്പന അപ്രതീക്ഷിതമായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഒരുപാട് ചോദ്യങ്ങൾ ഇവർ രംഗത്തിറങ്ങുമ്പോൾ ഉന്നയിക്കപ്പെട്ടിരുന്നു എങ്കിലും അതിനെയൊക്കെ മറികടന്ന് സംസ്ഥാനത്തെ താരപ്രചാരക എന്ന നിലയിലേക്ക് കൽപ്പന വളർന്നു കഴിഞ്ഞു. കൽപ്പന സോറന്റെ സാന്നിധ്യത്തിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരെ കാര്യമായി ആകർഷിക്കുകയാണ് നിലവിൽ ജെഎംഎം ലക്ഷ്യമിടുന്നത്. അവർ പങ്കെടുക്കുന്ന പരിപാടികളിലെ സ്ത്രീ പ്രാതിനിധ്യം അതിന് തെളിവാണ്.
അതേസമയം, സംസ്ഥാനത്തെ എംഎൽഎമാരുടെ ആസ്‌തിയെ പറ്റിയുള്ള റിപ്പോർട്ടിൽ ഒട്ടേറെ ഞെട്ടിക്കുന്ന കണക്കുകളുണ്ട്. ജാർഖണ്ഡ് എംഎൽഎമാരുടെ ശരാശരി ആസ്‌തി 3.7 കോടി രൂപയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 28 കോടി രൂപ ആസ്‌തിയുള്ള ലോഹർദാഗ എംഎൽഎയും ധനമന്ത്രിയുമായ രാമേശ്വർ ഒറോൺ ആണ് ഏറ്റവും ധനികനായ നിയമസഭാംഗം.
പട്ടികയിൽ രണ്ടാമത് ങ്കി എംഎൽഎ കുശ്വാഹ ശശി ഭൂഷൻ മേത്തയാണ്, ആസ്‌തി 27 കോടി രൂപ. മൂന്നാമതാണ് കൽപ്പന സോറൻ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 74 സിറ്റിങ് എംഎൽഎമാരിൽ 50 പേരും കോടിപതികളാണ് എന്നതാണ് കൗതുകകരമായ വസ്‌തുത. ബിജെപി എംഎൽഎമാരിൽ 19 പേരാണ് ഈ ലിസ്‌റ്റിൽ ഉള്ളത്. ജെഎംഎമ്മിൽ നിന്ന് 17 പേരും കോൺഗ്രസിൽ നിന്ന് 9 പേരും ഒരു കോടിക്ക് മുകളിൽ ആസ്‌തി ഉള്ളവരാണ്.












Click it and Unblock the Notifications