കോൺഗ്രസ് ചരിത്രം തിരുത്താൻ ഒരു സെപ്തംബർ 28! ഈ നീക്കം അതീവ നിർണായകം; എന്തുകൊണ്ട് കനയ്യയും ജിഗ്നേഷും
ദില്ലി: ദേശീയ തലത്തിൽ കോൺഗ്രസ് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ദേശീയ നേതൃത്വത്തിനെതിരെ പാർട്ടിയ്ക്കുള്ളിൽ തന്നെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ അടുക്കള സമരവും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലാണ് വലിയ ജനപിന്തുണയുള്ള രണ്ട് യുവ നേതാക്കൾ കോൺഗ്രസിലേക്ക് കടന്നുവരുന്നു എന്ന വാർത്ത പുറത്ത് വരുന്നത്.
ഗുജറാത്തിൽ നിന്നും യുവ എംഎൽഎ ജിഗ്നേഷ് മേവാനിയും ബിഹാറിൽ നിന്നുള്ള യുവ സിപിഐ നേതാവ് കനയ്യ കുമാറും ആണ് ആ നേതാക്കൾ. സെപ്തംബർ 28 ന് ഇരുവരെ ഔദ്യോഗികമായി കോൺഗ്രസിൽ ചേരും എന്നാണ് റിപ്പോർട്ട്. എങ്ങനെ ആയിരിക്കും ഈ രണ്ട് നേതാക്കളുടെ വരവ് ഇപ്പോഴത്തെ കോൺഗ്രസിനെ കൂടുതൽ ചലനാത്മകമാക്കുക എന്ന് നോക്കാം...

ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോൺഗ്രസിലേക്ക് എത്തുന്നു എന്ന വാർത്ത കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ജിഗ്നേഷ് തന്നെ അക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ്. സെപ്തംബർ 28 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ താനും കനയ്യ കുമാറും കോൺഗ്രസ് അംഗത്വം സ്വീകരിക്കും എന്നാണ് ജിഗ്നേഷ് വാർത്താ ഏജൻസിയായ പിടിഐയോടെ സ്ഥിരീകരിച്ചത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ഈ പരിപാടി.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഗുജറാത്തിൽ നിന്നുള്ള യുവ എംഎൽഎ ആണ് ജിഗ്നേഷ് മേവാനി. സംസ്ഥാനത്ത് ഒരു നവ ദളിത് മുന്നേറ്റം തന്നെ ആയിരുന്നു ജിഗ്നേഷിന്റെ നേതൃത്വത്തിൽ ഉരുക്കഴിഞ്ഞത്. അതിന് ദേശീയ ശ്രദ്ധ ലഭിക്കുകയും ചെയ്തു. 2017 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വദ്ഗാമിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു ജിഗ്നേഷിന്റെ വിജയം. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സമ്പൂർണ പിന്തുണയും ജിഗ്നേഷിനുണ്ടായിരുന്നു. അതിന് ശേഷം വീണ്ടും ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ആണ് അദ്ദേഹം കോൺഗ്രസിലേക്ക് എത്തുന്നത്.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ശക്തമായ പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഇത്തവണ. 182 സീറ്റിൽ 77 സീറ്റുകൾ ആയിരുന്നു അവർ അന്ന് നേടിയത്. തുടർച്ചയായി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടിയ ബിജെപിയെ ഇത്തവണ താഴെയിറക്കാൻ ആകുമെന്ന ആത്മവിശ്വാസവും കോൺഗ്രസ് പ്രകടിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദിയ്ക്ക് ശേഷം ഗുജറാത്തിൽ നിന്ന് ബിജെപിയ്ക്ക് ശക്തനായ ഒരു നേതാവിനെ ലഭിച്ചിട്ടില്ല എന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിക്കപ്പെടുന്നുണ്ട്.

പട്ടീദാർ സമരനായകൻ ആയിരുന്ന ഹാർദിക് പട്ടേൽ ആണ് ഇപ്പോൾ ഗുജറാത്തിലെ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ്. ഹാർദിക് പട്ടേലിനൊപ്പം ജിഗ്നേഷ് മേവാനി കൂടി എത്തുന്നതോടെ ദളിത് വോട്ടുകളിൽ മഹാഭൂരിപക്ഷവും സംഭരിക്കാനാകും എന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. രണ്ട് യുവ നേതാക്കൾ ചേർന്ന് തിരഞ്ഞെടുപ്പ് നയിച്ചാൽ, അത് ചരിത്രപരമായ വിജയത്തിനുള്ള വഴിയൊരുക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്തായാലും ഇക്കാര്യം അറിയാൻ മാസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകും.

ദേശീയ തലത്തിൽ കോൺഗ്രസിന് കിട്ടുന്ന വമ്പൻ ലോട്ടറി ആയിട്ടാണ് കനയ്യ കുമാറിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്. ജെഎൻയു സമരകാലം മുതലേ, കനയ്യ കുമാർ ദേശീയ തലത്തിൽ യുവാക്കളുടെ ആവേശമാണ്. അടുത്തട്ടുമുതൽ പ്രവർത്തിച്ചുള്ള അനുഭവ പരിചയവും കനയ്യ കുമാറിനുണ്ട്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാറിലൂടെ, വലിയൊരു വിഭാഗം ഇടത് അനുകൂലികളെ കൂടി പാർട്ടിയോട് ചേർത്തുനിർത്താൻ ആകുമെന്ന പ്രതീക്ഷയും കോൺഗ്രസ് വച്ചുപുലർത്തുന്നുണ്ട്.

ബിഹാറിൽ നിന്നുള്ള സിപിഐ നേതാവാണ് കനയ്യ കുമാർ. എന്നാൽ കനയ്യയുടെ വരവിന്റെ ഗുണം ബിഹാറിൽ ആയിരിക്കില്ല കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുക. യുവാക്കളെ ആവേശഭരിതരാക്കാൻ പോന്ന ഇങ്ങനെ ഒരു നേതാവ് ദേശീയ തലത്തിൽ കോൺഗ്രസിന് ഇപ്പോഴില്ല. പാർട്ടിയെ ദേശീയ തലത്തിൽ ശക്തിപ്പെടുത്താൻ കനയ്യയുടെ വരവ് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പാർട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ മറികടക്കാനും ഇത്തരം നീക്കത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിഹാർ സിപിഐയിൽ നിന്നുള്ള പ്രശ്‌നങ്ങൾക്കെതിരെ കനയ്യ നേരത്തേ ദേശീയ നേതൃത്വത്തെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. കോൺഗ്രസ് പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ, സിപിഐ ദേശീയ നേതൃത്വം ഇടപെടൽ നടത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, കനയ്യയെ സന്ദർശിക്കുകയും പാർട്ടി വിടുന്ന എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം വെറുതെയായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നത്.

കനയ്യ കോൺഗ്രസിലേക്ക് പോകുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ദേശീയ തലത്തിൽ വലിയ തിരിച്ചടിയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട്, സിപിഎം നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇടതുപക്ഷത്ത് ദേശീയ തലത്തിൽ ലഭിച്ച ഏറ്റവും സ്വീകാര്യതയുള്ള യുവമുഖം കൂടിയായിരുന്നു കനയ്യ കുമാർ. ബിഹാറിലെ സിപിഐ നേതൃത്വത്തിന്റെ കടുംപിടിത്തവും സ്ഥാപിത താത്പര്യങ്ങളും ആണ് കനയ്യയെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ തന്നെ വലിയ എതിർപ്പും രൂപം കൊണ്ടിട്ടുണ്ട്.

കോൺഗ്രസ് വലിയ നേതൃത്വ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടം കൂടിയാണിത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവരെ സംബന്ധിച്ച് അത്രയേറെ നിർണായകവും ആണ്. ജി23 നേതാക്കൾ ഉയർത്തുന്ന ആഭ്യന്തര കലാപത്തെ എങ്ങനെ ആയിരിക്കും ഹൈക്കമാൻഡ് നേരിടുക എന്നതും ഇതിൽ ഏറെ നിർണായകമാണ്. എന്തായാലും ദേശീയ തലത്തിൽ കോൺഗ്രസിന് ഊർജ്ജം പകരാൻ വരുന്ന യുവ നേതാക്കൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസം താഴെ തട്ടിലുള്ള പ്രവർത്തകർ പോലും ഇപ്പോൾ പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴത്തെ കോൺഗ്രസ് നീക്കങ്ങൾക്ക് പിറകിൽ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോഷിന്റെ ഇടപെടലുകൾ ആണെന്നാണ് റിപ്പോർട്ടുകൾ. ജിഗ്നേഷ് മേവാനിയേയും കനയ്യ കുമാറിനേയും കോൺഗ്രസിലേക്ക് എത്തിക്കുന്നതിൽ ചരടുവലികൾ നടത്തിയതും പ്രശാന്ത് കിഷോർ തന്നെയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതും പ്രശാന്ത് കിഷോർ തന്നെയാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ പ്രശാന്ത് കിഷോറിന് ആകുമോ എന്നാണ് ഇനി അറിയേണ്ടത്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ എല്ലാ പ്രതീക്ഷികളും അട്ടിമറിച്ചുകൊണ്ട് മമത ബാനർജിയെ വീണ്ടും അധികാരത്തിലേറാൻ സഹായിച്ചത് പ്രശാന്ത് കിഷോർ തന്നെ ആയിരുന്നു.












Click it and Unblock the Notifications