ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ജെഎംഎം: ഹേമന്ത് സോറന്‍ ബർഹൈത്തില്‍ നിന്നും മൂന്നാമതും മത്സരിക്കും
ജാർഖണ്ഡ്: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ജെ എം എം. മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഹേമന്ത് സോറന്‍ ഉള്‍പ്പെടെ 35 പേരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഹേമന്ത് സോറനെ ബർഹൈത്തിൽ നിന്നാണ് മത്സരിക്കുക. 2014, 2019 തിരഞ്ഞടുപ്പുകളില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച നേതാവാണ് ഹേമന്ത് സോറന്‍. കഴിഞ്ഞ തവണ 25740 വോട്ടിനായിരുന്നു അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.

ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനും സഹോദരന്‍ ബസന്ത് സോറനും സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കൽപ്പന സോറന്‍ ഗണ്ഡേ അസംബ്ലി മണ്ഡലത്തിൽ നിന്നും ബസന്ത് സോറൻ ദുംകയിൽ നിന്നുമാണ് മത്സരിക്കുന്നത്. ഈ വർഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദുംകയില്‍ നിന്നും ബി ജെ പി സ്ഥാനാർത്ഥിയെ 27149 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു കല്‍പ്പന സോറന്‍ ആദ്യമായി നിയമസഭയിലേക്ക് എത്തിയത്.
2019-ൽ, ഹേമന്ത് ദുംകയിലും ബർഹെത്തിലും മത്സരിച്ച് വിജയ ബർഹൈത്ത് നിലനിർത്തുകയായിരുന്നു. പിന്നീട് ദുംകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇളയ സഹോദരന്‍ ബസന്ത് സോറനെ മത്സരിപ്പിക്കുകയായിരുന്നു. ഇത്തവണ ആ സീറ്റില്‍ വീണ്ടും ബസന്തിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച പാർട്ടി ഹേമന്ത് സോറന്‍ ഒരു സീറ്റില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് സൂചന. മുഴുവന്‍ സ്ഥാനാർത്ഥികളുടേയും പട്ടിക പുറത്ത് വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച പല പ്രമുഖ മുഖങ്ങളേയും ഇത്തവണ ജെ എം എം നിലനിർത്തിയിട്ടുണ്ട്. ഗിരിദിയിൽ നിന്നും സുദിവ്യ കുമാർ സോനു, മജ്‌ഗാവിൽ നിരൽ പുർത്തി, ചൈബാസയിൽ ദീപക് ബിരുവ, ഗുംലയിൽ ഭൂഷൺ ടിർക്കി, സിസായിയിൽ ജിഗ സുസാരൻ ഹോറോ, മധുപൂരിൽ ഹഫിസുൽ അൻസാരി എന്നിവരെല്ലാം വീണ്ടും മത്സരിക്കും. രവീന്ദ്രനാഥ് മഹാതോ,വികാസ് മുണ്ട തമർ, മഹാതോ തുണ്ടി, മിഥിലേഷ് താക്കൂർ ഗാർവ, ബൈദ്യനാഥ് റാം ലതേഹാർ തുടങ്ങിയവർക്കും ഇത്തവണയും അവസരം ലഭിച്ചിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച കോണ്‍ഗ്രസും തങ്ങളുടെ ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 21 സ്ഥാനാർത്ഥികളുടെ പട്ടികയാണ് അവർ പുറത്തുവിട്ടത്. മുതിർന്ന കോൺഗ്രസ് നേതാവും ത്രിപുര, ഒഡീഷ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ പാർട്ടിയുടെ ചുമതലയുള്ള അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ മത്സരിക്കും.
പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ലോഹർദാഗ സീറ്റിൽ നിന്ന് ധനമന്ത്രി രാമേശ്വർ ഒറോണിനെയാണ് പാർട്ടി മത്സരിപ്പിക്കുന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഒറോൺ ജാർഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷനാണ്. ജാർഖണ്ഡിലെ 81 സീറ്റുകളിലേക്കായി നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23ന് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications