രാജ്യസഭാ ചെയര്‍മാന്റെ നോട്ടീസ്; ജോണ്‍ ബ്രിട്ടാസിന് വന്‍ പിന്തുണ, കേന്ദ്രത്തിനെതിരെ നേതാക്കള്‍
ദില്ലി: അമിത് ഷായെ വിമര്‍ശിച്ചതിന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ വ്യാപക വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് താന്‍ ലേഖനം എഴുതിയതെന്ന് ബ്രിട്ടാസ് പറഞ്ഞു.
രാജ്യദ്രോഹപരമായ ഉള്ളടക്കം ഇതിലുണ്ടെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. നേരത്തെ ബ്രിട്ടാസിനെ രാജ്യസഭാ ചെയര്‍മാന്‍ വിളിച്ചുവരുത്തിയായിരുന്നു വിശദീകരണം തേടിയത്. അതേസമയം മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിഡി ആചാരി ധന്‍കറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. എങ്ങനെയാണ് അദ്ദേഹം ബ്രിട്ടാസിനെ വിളിച്ചുവരുത്തുകയെന്ന് ആചാരി ചോദിച്ചു.

ഒരിക്കലും ബ്രിട്ടാസിനെതിരെ ചെയര്‍മാന് നടപടിയെടുക്കാനാവില്ല. അദ്ദേഹത്തെ വിളിച്ചുവരുത്താന്‍ പാടില്ലായിരുന്നു. കാരണം അത് പാര്‍ലമെന്റ് പ്രിവിലേജില്‍ വരുന്നതല്ല. ഏതൊരു എംപിക്കും ഒരു കേന്ദ്ര മന്ത്രിയെ വിമര്‍ശിക്കാം. പാര്‍ലമെന്റിന് പുറത്ത് നടന്ന ഒരു സംഭവത്തിലാണ് ലേഖനം വന്നിരിക്കുന്നത്. അതില്‍ എംപിയെന്ന നിലയിലുള്ള അവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ല.
അക്കാര്യത്തില്‍ ചെയര്‍മാന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ആചാരി പറഞ്ഞു. ആ ലേഖനം രാജ്യദ്രോഹമാണെന്ന് പറയുന്നത് പരാതിക്കാരന്റെ വിഡ്ഡിത്തമാണ്. എന്താണ് കാര്യമെന്ന് മനസ്സിലാക്കാതെയാണ് പരാതിക്കാരന്‍ പരാതി നല്‍കിയിരിക്കുന്നത്. രാജ്യദ്രോഹത്തിന്റെ പരിധിയില്‍ എന്താണ് വരികയെന്ന് പോലും അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്നും ആചാരി പറഞ്ഞു.
നിയമപരമായ അധികാരം ഒരിക്കലും രാജ്യസഭാ ചെയര്‍മാനില്ല. അത് സഭയിലാണെങ്കിലും അങ്ങനെ തന്നെയാണ്. കാരണം രാജ്യദ്രോഹ നടപടി ക്രിമിനല്‍ കുറ്റമാണ്. അതില്‍ രാജ്യസഭാ ചെയര്‍മാന് ഇടപെടാന്‍ ആവില്ലെന്നും ആചാരി വ്യക്തമാക്കി. അതേസമയം നിരവധി പ്രതിപക്ഷ എംപിമാരാണ് ബ്രിട്ടാസിന് പിന്തുണയുമായി വന്നിരിക്കുന്നത്.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
അമിത് ഷായ്‌ക്കെതിരായ വിമര്‍ശനത്തിന് വിശദീകരണം വേണമെന്നാണ് ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍, എന്റെ വിമര്‍ശനങ്ങള്‍ ധാരാളമുണ്ട്. അവര്‍ എന്നെ വിളിച്ചുവരുത്തുന്നതിനായി കാത്തിരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര പറഞ്ഞു. അമിത് ഷായുടെ പരാമര്‍ശമാണ് രാജ്യദ്രോഹമെന്ന് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് മനോജ് ജാ പറഞ്ഞു.
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ബ്രിട്ടാസിനോട് വിശദീകരണം തേടിയത് സത്യം പറഞ്ഞതിനാണെന്നും കാര്‍ത്തി പറഞ്ഞു. തീര്‍ത്തും ഞെട്ടിക്കുന്നതാണ് നടപടിയെന്ന് ഡിഎംകെ എംപി തമിഴാച്ചി തങ്കപാണ്ഡ്യന്‍ പറഞ്ഞു. അടുത്തത് നമ്മള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്. പ്രതിപക്ഷത്തെ എല്ലാം എംപിമാരെയും ഇതുപോലെ വിളിച്ചുവരുത്തുന്നതാണോ പ്രതീക്ഷിക്കേണ്ടതെന്നും തമിഴാച്ചി പറഞ്ഞു.
മോദി കേരളത്തെ സൊമാലിയയെന്ന് വിളിച്ചിട്ടുണ്ടെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു. പലതവണ കേരളത്തെ അപമാനിച്ച നേതാവാണ് അമിത് ഷാ. അവര്‍ക്ക് കേരളത്തെ അപമാനിക്കാം. ഞങ്ങള്‍ക്ക് അതിനെ എതിര്‍ക്കാന്‍ പാടില്ല. എന്ത് കാര്യത്തിനാണ് ബ്രിട്ടാസിനെ വിളിച്ചുവരുത്തിയതെന്നും ഐസക് ചോദിച്ചു.












Click it and Unblock the Notifications