'വെറും 88 മണിക്കൂർ ട്രെയിലർ'; ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കരസേനാ മേധാവി, പാകിസ്ഥാന് മുന്നറിയിപ്പ്
ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചും തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശവുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. 88 മണിക്കൂർ നീണ്ട ഓപ്പറേഷൻ സിന്ദൂർ വെറുമൊരു ട്രെയിലർ മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏതൊരു രാജ്യവും സ്പോൺസർ ചെയ്യുന്ന തീവ്രവാദം ഇന്ത്യക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ജനറൽ ദ്വിവേദി മുന്നറിയിപ്പ് നൽകി.
വികസനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ദ്വിവേദി കൂട്ടിച്ചേർത്തു. 'പാക്കിസ്ഥാൻ ഒരു അവസരം നൽകുകയാണെങ്കിൽ, ഒരു അയൽരാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഞങ്ങൾ പഠിപ്പിക്കും' അദ്ദേഹം പറഞ്ഞു. ആധുനിക യുദ്ധങ്ങൾ പല മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അതിനെ നേരിടാൻ ഇന്ത്യ ഒരുക്കമാണെന്നും ജനറൽ ദ്വിവേദി അടിവരയിട്ടു.

ഇന്ത്യക്ക് നേരെ ഏതെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ നിർണ്ണായകമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകളും തീവ്രവാദവും ഒരുമിച്ച് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. സമാധാനപരവും സുസ്ഥിരവുമായ ഒരു പ്രക്രിയയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ചൈന അതിർത്തിയിലെ പുരോഗതിയും ജമ്മു കശ്‌മീരിലെ തീവ്രവാദം കുറഞ്ഞതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ തുല്യമായ നിശ്ചയദാർഢ്യത്തോടെ ഇന്ത്യ പ്രവർത്തിക്കുമെന്ന് കരസേനാ മേധാവി ആവർത്തിച്ചു. തീവ്രവാദികളെയും അവരുടെ സ്പോൺസർമാരെയും ഞങ്ങൾ ഒരുപോലെ കാണും. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഞങ്ങൾ മറുപടി നൽകും; അദ്ദേഹം നിലപാട് വ്യക്തമാക്കി.
ഇന്ത്യയുടെ ആത്മവിശ്വാസം ഉറപ്പിച്ചുകൊണ്ട്, രാജ്യം ശക്തമാണെന്നും ഒരു ഭീഷണിയെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യങ്ങളെക്കുറിച്ചും ജനറൽ ദ്വിവേദി പത്രസമ്മേളനത്തിൽ സംസാരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഒക്ടോബർ 1 മുതൽ നല്ല നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തെയും അദ്ദേഹം പരാമർശിച്ചു. വർധിച്ചുവരുന്ന ചർച്ചകൾ പ്രയോജനകരമാണെന്ന് ഇപ്പോൾ ഇരുപക്ഷവും തിരിച്ചറിയുന്നു.
ജമ്മു കശ്‌മീർ കൂടുതൽ സ്ഥിരതയിലേക്ക് നീങ്ങുകയാണെന്ന് കരസേനാ മേധാവി പറഞ്ഞു. 2019 ഓഗസ്‌റ്റ് 5 മുതൽ കശ്‌മീരിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കൂടുതൽ രാഷ്ട്രീയ വ്യക്തത കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവേഗം വളർന്നു. മേഖലയിൽ സ്‌കൂളുകളുടെ എണ്ണം 21 ശതമാനം വർധിച്ചുവെന്നും ഐഐടി, ഐഐഎം, കോളേജുകൾ എന്നിവയും കൂടിയെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370 അന്നത്തെ ജമ്മു കശ്‌മീർ സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അത് എടുത്തു കളയുകയായിരുന്നു. പിന്നീട് അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതിൽ പ്രതിഷേധവും സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും ഇപ്പോഴും ശക്തമാണ്.












Click it and Unblock the Notifications