ബെംഗളൂരു നഗരത്തിന് മുകളിലൂടെ പറക്കാൻ ആശയുണ്ടോ? അധികം കാത്തിരിക്കേണ്ടി വരില്ല, എയർ ടാക്‌സി വരും
ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ നൂതനമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഇപ്പോഴിതാ യാത്രാ പരിഹാരമായി എയർ ടാക്‌സികൾ ഉടൻ എത്തുമോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്. മുൻപ് സീറ്റ് പങ്കിട്ടുള്ള ഹെലികോപ്റ്റർ സർവീസുകൾ നടത്തിയിരുന്ന രണ്ട് കമ്പനികൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. മറ്റൊന്ന് 2029-2030 ഓടെ മാത്രമേ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നുള്ളൂ എന്നതാണ് നിലവിലെ സാഹചര്യം. ചില തടസങ്ങൾ ഉണ്ടെങ്കിലും അടുത്ത് തന്നെ പുതിയൊരു സർവീസിന് സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
മുൻപ് സർവീസ് നടത്തിയവർ നിർത്തി
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ്, എച്ച് എ എൽ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് 'തുമ്പി ഏവിയേഷൻ' 2020-ൽ കോവിഡ് വരുന്നതുവരെ രണ്ട് വർഷം ഷട്ടിൽ സർവീസ് നടത്തിയിരുന്നു. കേരളം ആസ്ഥാനമായ ഈ കമ്പനി ആറ് സീറ്റുകളുള്ള ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദിവസേന കുറഞ്ഞത് രണ്ട് ട്രിപ്പുകൾ നടത്തിയാണ് മുന്നോട്ട് പോയിരുന്നത്. ഒരു സീറ്റിന് 3500-4500 രൂപ ഈടാക്കിയപ്പോൾ 60 സീറ്റുകളും സീറ്റുകളും നിറഞ്ഞിരുന്നു.

എന്നാൽ, തുമ്പി ഏവിയേഷൻ സർവീസ് പിന്നീട് പുനരാരംഭിച്ചിരുന്നില്ല. ബെംഗളൂരുവിൽ 90-ൽ അധികം റൂഫ്‌ടോപ്പ് ഹെലിപാഡുകളുണ്ടെങ്കിലും, അവയെ യാത്രക്കാർക്കായി ഉപയോഗിക്കാൻ നിലവിലെ നയങ്ങൾ അനുവദിക്കുന്നില്ല. അതിന്റെ കാരണമായി വിലയിരുത്തുന്നത് മിക്ക ഹെലിപ്പാഡുകളും നിലവിൽ അഗ്നിശമന ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ്.
ഇതിനിടെ, വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും മാസത്തിൽ രണ്ടോ മൂന്നോ തവണ നഗരത്തിനുള്ളിലെ യാത്രകൾക്കായി മുഴുവൻ ഹെലികോപ്റ്ററുകളും വാടകയ്ക്ക് എടുക്കാറുണ്ട്. ഒരു ട്രിപ്പിന് 2.5 ലക്ഷം രൂപയോളമാണ് ഇതിനായി ചിലവ് വരുന്നത്. ജക്കൂർ എയറോഡ്രോം, എച്ച് എ എൽ വിമാനത്താവളം, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ആശുപത്രി ഹെലിപാഡുകളിലാണ് ഈ സേവനം ലഭ്യം.
ബ്ലേഡ് ഇന്ത്യയ്ക്ക് ഹെലികോപ്റ്റർ ക്ഷാമം
'ബ്ലേഡ് ഇന്ത്യ' 2021 ഡിസംബർ മുതൽ 2023 ജനുവരി വരെ ബെംഗളൂരുവിൽ പേ-പെർ-സീറ്റ് എയർ ടാക്‌സി സർവീസ് നടത്തിയിരുന്നു. ബെംഗളൂരു വിമാനത്താവളത്തിനു എച്ച്എഎൽ വിമാനത്താവളത്തിനും ഇടയിലെ യാത്രാ സമയം 15-20 മിനിറ്റായി ഇത് കുറച്ചു. എന്നാൽ കമ്പനിയുടെ ബെംഗളൂരു, മുംബൈ സർവീസുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയിലുള്ള ഏകദേശം 250 ഹെലികോപ്റ്ററുകളിൽ 60 ശതമാനവും മതപരമായ യാത്രകൾക്കും എണ്ണ-വാതക മേഖലയിലെ പ്രവർത്തനങ്ങൾക്കുമാണ്. അതിനാൽ സാധാരണ യാത്രക്കാർക്ക് വളരെ കുറഞ്ഞ എണ്ണം മാത്രമേയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. അടുത്ത് തന്നെ ബ്ലേഡ് ഇന്ത്യ ബെംഗളൂരുവിൽ സർവീസ് പുനരാംഭിക്കുമെന്നാണ് വിവരം.
നീക്കങ്ങളുമായി സർള ഏവിയേഷൻ
അടുത്തിടെ ബെംഗളൂരു ആസ്ഥാനമായ സർള ഏവിയേഷൻ തങ്ങളുടെ ഇലക്ട്രിക് എയർ-ടാക്‌സി ഡെമോൺസ്ട്രേറ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് ആരംഭിച്ചിരുന്നു. ഡിസംബറിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. വെർട്ടിക്കൽ ഫ്ളയിങ് സാങ്കേതികവിദ്യയിൽ രാജ്യത്തെ ഏറ്റവും നൂതനമായ സ്വകാര്യ സംരംഭമാണിത്. അവർ പ്രവർത്തനം തുടങ്ങിയാൽ എയർ ടാക്‌സി നഗരത്തിൽ വ്യാപകമാവും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications