'നിയമസംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നുണ്ട്'; ജസ്‌റ്റിസ് ഹൃഷികേശ് റോയ്
ന്യൂഡൽഹി: നിയമസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഭരിക്കുന്ന സർക്കാർ രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യമിടുന്ന സംഭവങ്ങൾക്ക് ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ഹൃഷികേശ് റോയ്. സർക്കാർ രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങൾ കൊണ്ട് നേരിടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായും അദ്ദേഹം തുറന്നുസമ്മതിച്ചു. ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനാധിപത്യത്തിൽ ഒരു സർക്കാരും ശാശ്വതമായി അധികാരത്തിൽ തുടരില്ല. അതിനാൽ, ജുഡീഷ്യറി സ്വതന്ത്രവും നിഷ്‌പക്ഷവുമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ സർക്കാരിന്റെയും താൽപര്യമാണ്. ഇന്ന് പ്രതിപക്ഷ നേതാക്കൾ സ്വാതന്ത്ര്യത്തിന്റെയും വിചാരണകളുടെയും വിഷയങ്ങളിൽ കോടതികളെ സമീപിക്കുന്നു, എന്നാൽ നാളെ ഭരണകക്ഷി ഇതുപോലെ സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരും; അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശക്തമായ ഒരു ജുഡീഷ്യറിയുടെ പ്രാധാന്യം മനസിലാക്കാനും അതിന്റെ സമഗ്രതയെ തകർക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും വിരമിച്ച ജഡ്‌ജിയായ അദ്ദേഹം രാഷ്ട്രീയ നേതാക്കളോട് അഭ്യർത്ഥിച്ചു. സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം കോടതികൾ ഇടപെട്ട് നിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ജഡ്‌ജിമാർക്ക് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദം നേരിടേണ്ടി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പലവേദികളും രാഷ്ട്രീയക്കാരുമായി താൻ പങ്കിട്ടിട്ടുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള ഇടപെടലുകൾ തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ജസ്‌റ്റിസ് റോയ് വ്യക്തമാക്കി. ജനുവരി 31നാണ് അദ്ദേഹം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.
അതേസമയം, മതപരമായ കേസുകൾ വർധിച്ചു വരുന്നുവെന്ന നിരീക്ഷണവും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. മതസമുദായങ്ങൾ ഉൾപ്പെടുന്ന നിയമപരമായ കേസുകളുടെ എണ്ണം വർധിക്കുന്നത് അവയ്ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയും പബ്ലിസിറ്റിയും മൂലമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കോടതികൾ ഇത്തരം കേസുകളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ കാണുന്ന കാര്യങ്ങളിൽ അമിത ശ്രദ്ധ കൊടുക്കരുതെന്നും ജസ്‌റ്റിസ് ഹൃഷികേശ് റോയ് ചൂണ്ടിക്കാട്ടി. ഏറ്റവും അറിവില്ലാത്തവർക്കും അതുപോലെ തന്നെ നിയമവിദ്യാഭ്യാസമുള്ള ഒരാൾക്കും അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ. അതിനാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകിയാൽ അത് ശ്രദ്ധ തിരിക്കും; ഹൃഷികേശ് റോയ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications