'ഇത് ഹിന്ദുസ്ഥാനാണ്, ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ ഭരിക്കപ്പെടണം'; വിവാദമായി ജസ്‌റ്റിസ് യാദവിന്റെ പരാമർശം
ലക്‌നൗ: ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്‌ജി ശേഖർ കുമാർ യാദവ്. പ്രയാഗ്‌രാജിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കവെയാണ് ജസ്‌റ്റിസ് എസ്‌കെ യാദവ് വിവാദ പരാമർശം നടത്തിയത്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എസ്‌കെ യാദവിന്റെ പ്രകോപനമാരായ പ്രസംഗം നടന്നത്.
'ഇതാണ് നിയമം.... നിയമം ശരിക്കും ഭൂരിപക്ഷത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പശ്ചാത്തലത്തിൽ നോക്കൂ... ഭൂരിപക്ഷത്തിന്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനപ്പെടുന്നവ മാത്രമേ സ്വീകരിക്കപ്പെടൂ' എന്നും എസ്‌കെ യാദവ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. അലഹബാദ് ഹൈക്കോടതിയിലെ മറ്റൊരു സിറ്റിങ് ജഡ്‌ജിയായ ദിനേശ് പതകിന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിവാദ പരാമർശം എന്നതും ശ്രദ്ധേയമാണ്.

മുസ്ലിം വിഭാഗത്തിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ബഹുഭാര്യാത്വവും മുത്തലാഖ് ചൊല്ലലും ഒക്കെ നിരോധിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്‌ജിയുടെ പരാമർശത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാവുന്നുണ്ട്.
വിഎച്ച്പിയോ ആർഎസ്എസോ ഹിന്ദുമതമോ മാത്രം ആവശ്യപ്പെടുന്ന ഒന്നല്ല ഏകീകൃത സിവിൽ കോഡ്. രാജ്യത്തെ പരമോന്നത കോടതിയും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹം, സതി തുടങ്ങിയ സാമൂഹിക തിന്മകൾ ഹിന്ദുമതത്തിലും ഉണ്ടായിരുന്നെന്ന് എസ്‌കെ യാദവ് ചൂണ്ടിക്കാട്ടി. എന്നാൽ രാജാറാം മോഹൻ റോയിയെപ്പോലുള്ള സാമൂഹിക പരിഷ്‌കർത്താക്കൾ ഈ ആചാരങ്ങൾ അവസാനിപ്പിക്കാൻ പോരാടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മറ്റ് സമുദായങ്ങൾ ഇതേ സംസ്‌കാരവും പാരമ്പര്യവും പിന്തുടരുമെന്ന് ഹിന്ദുക്കൾ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും മഹത് വ്യക്തികളെയും ഈ നാടിന്റെ ദൈവത്തെയും അനാദരിക്കരുതെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി എകീകൃത സിവിൽ കോഡ് വരുമെന്ന കാര്യത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്‌തു.
നേരത്തെയും തന്റെ പ്രസ്‌താവനകളിലൂടെ വാർത്തകളിൽ ഇടംനേടിയിട്ടുള്ള വ്യക്തിയാണ് ശേഖർ കുമാർ യാദവ്. 2021ൽ പശു ഓക്‌സിജൻ ശ്വസിക്കുകയും ഓക്‌സിജൻ തന്നെ പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവിയാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് സമാനമായാണ് വീണ്ടും എസ്‌കെ യാദവ് വിവാദങ്ങളിൽ ചെന്നുപെടുന്നത്.
അതേസമയം, ജസ്‌റ്റിസ് എസ്‌കെ യാദവിന്റെ പ്രസ്‌താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജഡ്‌ജി നടത്തിയത് വിദ്വേഷ പ്രസംഗം ആണെന്നായിരുന്നു ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആരോപിച്ചു. വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ സുപ്രീം കോടതി ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ജഡ്‌ജിയുടേത് സത്യപ്രതിജ്ഞ ലംഘനം ആണെന്നും ലോയേഴ്‌സ് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications