ബിജെപി നേതാവ് കല്‍രാജ് മിശ്ര ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍; ആചാര്യ ദേവ്‌റത്തിനെ ഗുജറാത്തിലേക്ക് മാറ്റി
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് കല്‍രാജ് മിശ്രയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിമയിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ആചാര്യ ദേവ്‌റത്തിനെ മാറ്റി. ഇദ്ദേഹത്തെ ഗുജറാത്ത് ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. ഇരുവരുടെയും നിയമനം സംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ പ്രസ്താവന ഇറക്കി.

ആദ്യ മോദി സര്‍ക്കാരില്‍ ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു 78കാരനായ മിശ്ര. 75 വയസ് കഴിഞ്ഞ വേളയില്‍ 2017ല്‍ അദ്ദേഹം മന്ത്രിപദവി രാജിവെക്കുകയായിരുന്നു. 75 കഴിഞ്ഞവര്‍ പാര്‍ലമെന്ററി പദവികള്‍ വഹിക്കരുതെന്നാണ് ബിജെപിയുടെ അപ്രഖ്യാപിത നയം. ഇത്തവണ കല്‍രാജ് മിശ്ര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതുമില്ല.
മൂന്ന് തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട് മിശ്ര. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ ദിയോരിയയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിഎസ്പി നേതാവ് നിയാജ് അഹ്മദിനെ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് കല്‍രാജ് മിശ്ര ലോക്‌സഭയിലെത്തിയത്. ആര്‍എസ്എസ്സിന്റെ പൂര്‍ണ പിന്തുണയുള്ള ബിജെപി നേതാവ് കൂടിയാണ് ഇദ്ദേഹം.
ആചാര്യ ദേവ്‌റത്തിനെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചത് 2015ലാണ്. 60കാരനായ ഇദ്ദേഹം ഇനി ഗുജറാത്ത് ഗവര്‍ണറാകും. ഗുജറാത്ത് ഗവര്‍ണറായിരുന്ന ഒപി കോലി തിങ്കളാഴ്ച വിരമിച്ചു. തുടര്‍ന്നാണ് ഗുജറാത്ത് ഗവര്‍ണര്‍ പദവിയില്‍ ഒഴിവുവന്നത്.












Click it and Unblock the Notifications