കന്നഡ ജന്മം കൊണ്ടത് തമിഴിൽ നിന്നെന്ന കമൽ ഹാസന്റെ പ്രസ്‌താവന; ആഞ്ഞടിച്ച് ബിജെപി, 'മാപ്പ് പറയണം'
ബെംഗളൂരു: കന്നഡ ഭാഷയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് നടൻ കമൽ ഹാസനെതിരെ ആഞ്ഞടിച്ച് കർണാടക ബിജെപി. സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിൽ കമൽ ഹാസൻ കന്നഡയെ അനാദരിക്കുന്നു എന്നാണ് കർണാടക ബിജെപി അധ്യക്ഷൻ ബിവൈ വിജയേന്ദ്രയുടെ ആരോപണം. വിവാദത്തിൽ കമൽ ഹാസൻ കന്നഡിഗന്മാരോട് നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്‌കാരം കലാകാരന്മാർക്ക് ഉണ്ടായിരിക്കണം. കന്നഡ ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച നടൻ കമൽ ഹാസൻ കന്നഡയെ അപമാനിച്ചത് അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെ ഉന്നതിയാണ് കാണിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നൂറ്റാണ്ടുകളായി കന്നഡ ഒരു പ്രമുഖ ഭാഷയാണെന്നും വിജയേന്ദ്ര പറഞ്ഞു. കമൽ ഹാസന്റെ പരാമർശത്തിൽ വിവാദം കത്തി നിൽക്കെയാണ് പ്രതിപക്ഷ പാർട്ടിയായ ബിജെപി ശക്തമായ ആരോപണവുമായി രംഗത്ത് വരുന്നത്. ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നും ഇതുവരെ കാര്യമായ പ്രതികരണങ്ങൾ വന്നിട്ടില്ല.
'ദക്ഷിണേന്ത്യയിൽ ഐക്യം കൊണ്ടുവരുമെന്ന് കരുതിയിരുന്ന കമൽഹാസൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിന്ദുമതത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തുവരികയാണ്. ഇപ്പോൾ 6.5 കോടി കന്നഡിഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡയെ അപമാനിച്ചിരിക്കുന്നു. കമൽഹാസൻ ഉടൻ തന്നെ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണം' എന്നായിരുന്നു വിജയേന്ദ്ര പോസ്‌റ്റിൽ പറഞ്ഞത്.
ഏത് ഭാഷയാണ് ഏത് ഭാഷയ്ക്ക് ജന്മം നൽകിയതെന്ന് അധികാരത്തോടെ പറയാൻ കമലഹാസൻ ഒരു ചരിത്രകാരനല്ലെന്നും ബിവൈ വിജയേന്ദ്ര ചൂണ്ടിക്കാട്ടി. രണ്ടിയിരത്തി അഞ്ഞൂറിലധികം വർഷത്തെ പാരമ്പര്യമുള്ള കന്നഡ ഭാഷ ഇന്ത്യയുടെ ഭൂപടത്തിൽ സമൃദ്ധിയെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും വിജയേന്ദ്ര എടുത്തുപറഞ്ഞു.
'കന്നഡിഗര്‍ ഭാഷാ വിദ്വേഷികളല്ലെന്നും, എന്നാല്‍ അവരുടെ ഭൂമി, ഭാഷ, ജനങ്ങള്‍, ജലം, ആശയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും ആത്മാഭിമാനം ത്യജിക്കില്ലെന്നും കമല്‍ ഹാസനെ നമുക്ക് ഓര്‍മ്മിപ്പിക്കാം' ബിജെപി അധ്യക്ഷൻ പോസ്‌റ്റിൽ നയം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിവാദത്തിന് ആധാരമായ കമൽ ഹാസന്റെ പ്രസ്‌താവന ഉണ്ടായത്.
'നടൻ ശിവരാജ് കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെയുള്ളത്. അതുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയപ്പോൾ 'എന്റെ ജീവിതവും എന്റെ കുടുംബവും തമിഴാണ്' എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്. അപ്പോൾ നിങ്ങളും ആ വരിയിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമലിന്റെ വാക്കുകൾ.












Click it and Unblock the Notifications