കാർഗിൽ വിജയത്തിന് ഇന്നേക്ക് കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി ഇന്ന് ദ്രാസിലെത്തും, സൈനികർക്ക് ആദരം അർപ്പിക്കും
ന്യൂഡൽഹി: കാർഗിൽ വിജയ ദിവസിത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാർഗിൽ സന്ദർശിക്കും. കർത്തവ്യ നിർവ്വഹണത്തിനിടയിൽ പരമമായ ത്യാഗം സഹിച്ച ധീരഹൃദയരെ ഇന്ന് മോദി ആദരിക്കും. പ്രധാനമന്ത്രി മോദി രാവിലെ 9.20ന് കാർഗിൽ യുദ്ധ സ്‌മാരകം സന്ദർശിച്ച് ജീവത്യാഗം ചെയ്‌ത സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇവിടെ കൃത്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഷിൻകുൻ ലാ ടണൽ പദ്ധതിയുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഷിൻകുൻ ലാ ടണൽ പദ്ധതിയിൽ 4.1 കിലോമീറ്റർ നീളമുള്ള ഇരട്ട-ട്യൂബ് ടണൽ ഉൾപ്പെടുന്നു, ഇത് നിമു - പാടും - ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ ലേയിലേക്ക് എത് കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പിക്കുന്നതിനായാണ് നിർമ്മിച്ചത്.

1999ലെ ഓപ്പറേഷൻ വിജയുടെ വിജയത്തെ അനുസ്‌മരിക്കുന്ന കാർഗിൽ വിജയ് ദിവസ് വർഷം തോറും ജൂലൈ 26നാണ് ആചരിക്കുന്നത്. യുദ്ധത്തിനിടെ ജമ്മു കശ്‌മീരിലെ കാർഗിൽ സെക്‌ടറിൽ പാകിസ്ഥാൻ സൈനികരും ഭീകരരും നുഴഞ്ഞുകയറിയ തന്ത്രപ്രധാന സ്ഥാനങ്ങൾ ഇന്ത്യൻ സൈന്യം വിജയകരമായി തിരിച്ചുപിടിച്ചു.
കാർഗിൽ യുദ്ധവും അന്തിമ വിജയവും
1999 മെയ് മാസത്തിലാണ് മേഖലയിലൂടെ വൻതോതിലുള്ള നുഴഞ്ഞുകയറ്റം ഇന്ത്യൻ ആർമിയുടെ ശ്രദ്ധയിൽ പെടുന്നത്. ഇതാണ് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. കാര്‍ഗില്‍ ജില്ലയിലെ ദുർഘടമായ മലനിരകളിൽ ഏറെ പ്രയാസപ്പെട്ടാണ് സൈനികർ യുദ്ധം നയിച്ചത്. പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ശക്തമായ ആധിപത്യം സ്ഥാപിച്ചാണ് കാർഗിൽ യുദ്ധം ഇന്ത്യ ജൂലൈ 26ന് അവസാനിപ്പിച്ചത്.
ഇന്ത്യൻ ജനതയൊന്നാകെ ഒരുമിച്ച് ശത്രുവിനെതിരെ അണിനിരന്നതിന്റെ ഓർമ്മയാണ് കാർഗിൽ വിജയ് ദിവസ് എന്ന പേരിൽ ആഘോഷിക്കുന്നത്. ഇന്ത്യ പാകിസ്ഥാന് മേൽ നേടിയ വിജയം എന്നതിലുപരി ഇന്ത്യയിലെ പൗരന്മാരുടെ ഐക്യം ഊട്ടിയുറപ്പിച്ച മഹത്തായ സംഭവങ്ങളിൽ ഒന്നായാണ് അതിനെ കണക്കാക്കുന്നത്.
ഇന്ത്യയുടെ 490 ധീരജവാന്മാരുടെ ജീവനാണ് കാർഗിൽ യുദ്ധത്തിൽ നഷ്‌ടമായത്. സാരമായി പരിക്കേറ്റിട്ടും തന്റെ ടീമിനെ പ്രചോദിപ്പിച്ച് നിർത്തുകയും പോയിന്റ് 4875 എന്ന തന്ത്രപ്രധാന മേഖല പിടിച്ചെടുക്കുകയും ചെയ്‌ത ധീരനായ വിക്രം ബത്രയുടെ കഥകൾ ഉൾപ്പെടെ നാം കേട്ടതാണ്. മരണാനന്തരം പരംവീർചക്ര നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്തരത്തിൽ ഒട്ടേറെ പേരുടെ ജീവത്യാഗത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് കാർഗിൽ വിജയ് ദിവസ്.












Click it and Unblock the Notifications