'കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടി'; രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയ് ദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാർഗിൽ യുദ്ധ സ്‌മാരകമായ ദ്രാസിൽ മോദി ആദരം അർപ്പിക്കുകയും ചെയ്‌തിരുന്നു.
രാജ്യത്തിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. 'ലഡാക്കിലെ ഈ മഹത്തായ ഭൂമി ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോട് പറയുന്നു' മോദി വ്യക്തമാക്കി.

പാക്കിസ്ഥാൻ ചരിത്രത്തിൽ നിന്ന് ഇതുവരെ ഒന്നും പഠിച്ചിട്ടില്ലെന്നും ഭീകരവാദം കൊണ്ട് ഒരിക്കലും ജയിക്കാൻ കഴിയില്ലെന്നും മോദി ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ കാലങ്ങളിൽ പാകിസ്ഥാൻ നടത്തിയ എല്ലാ ഹീനമായ ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാൽ പാകിസ്ഥാൻ ചരിത്രത്തിൽ നിന്ന് ഇതുവരെ ഒന്നും പഠിച്ചിട്ടില്ല. തീവ്രവാദത്തിൻ്റെയും ഒളി യുദ്ധത്തിന്റെയും സഹായത്തോടെ അവർ അത് പ്രസക്തമായി നിലനിർത്താൻ ശ്രമിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഞാൻ സംസാരിക്കുന്നത് ഭീകരതയുടെ യജമാനന്മാർക്ക് എൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരിടത്ത് നിന്നാണ്, ഈ തീവ്രവാദത്തിൻ്റെ രക്ഷാധികാരികളോട് എനിക്ക് പറയാൻ ആഗ്രഹിക്കുന്നത് അവരുടെ നീചമായ ഉദ്ദേശ്യങ്ങൾ ഒരിക്കലും വിജയിക്കില്ല എന്നാണ്. നമ്മുടെ സൈനികർ പൂർണ്ണ ശക്തിയോടെ തീവ്രവാദത്തെ തകർക്കും, ശത്രുവിന് തക്ക മറുപടി നൽകും, പ്രധാനമന്ത്രി മോദി പറഞ്ഞു.
'നമ്മുടെ സൈന്യത്തിലെ ധീരരായ സൈനികരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. ഈ രാജ്യം അവരോട് നന്ദിയുള്ളവരാണ്. കാർഗിൽ യുദ്ധസമയത്ത് ഒരു സാധാരണക്കാരൻ എന്ന നിലയിൽ നമ്മുടെ സൈനികർക്കിടയിൽ ഞാനും ഉണ്ടായിരുന്നു എന്നത് എന്റെ വലിയൊരു ഭാഗ്യമാണ്' പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
കാർഗിൽ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ലഡാക്കിലെ ദ്രാസ് യുദ്ധ സ്‌മാരകത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളും വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങുകളും ഇതിന്റെ ഭാഗമായി നടന്നിരുന്നു.












Click it and Unblock the Notifications