കോൺഗ്രസ് വിജയിച്ചാൽ ഡികെ ശിവകുമാറിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കില്ല; കാരണം പറഞ്ഞ് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഭരണം ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയുമ്പോഴും പാർട്ടിക്കുള്ളിലെ തർക്കങ്ങൾ കോൺഗ്രസിന് തലവേദന തീർക്കുന്നു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിലാണ് തർക്കം തുടരുന്നത്.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നേരത്തേ തന്നെ ഡികെ ശിവകുമാർ ചരടുവലികൾ ആരംഭിച്ചിരുന്നു. ദില്ലിയിലെത്തി പല തവണയായി സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഡികെ ചർച്ച നടത്തുകയും ചെയ്തിരുന്നു. സിദ്ധരാമയ്യയും തന്റെ അണികളെ ഇറക്കി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു.

ഇരുപക്ഷങ്ങളും തമ്മിലുള്ള വടംവലി രൂക്ഷമായതോടെ ഒടുവിൽ തർക്കത്തിൽ ഹൈക്കമാന്റിന് ഇടപെടേണ്ടി വന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയെ കണ്ടെത്തും എന്നുമായിരുന്നു ഹൈക്കമാന്റ് നിർദ്ദേശം.
ഇതോടെ തർക്കങ്ങൾ ഒരുപരിധി വരെ അവസാനിച്ചെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ സിദ്ധരാമയ്യയുടെ പുതിയ പ്രസ്താവന കോൺഗ്രസിൽ അടുത്ത പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. കോൺഗ്രസിന് ഭരണം ലഭിച്ചാലും ഡികെ ശിവകുമാറിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കില്ലെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്.
'ഞാനും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഹൈക്കമാന്റ് ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകില്ല', സിദ്ധരാമയ്യ പറഞ്ഞു. ഇത് തന്‍റെ അവസാന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ അധികാരം ലഭിച്ചാൽ പ്രായത്തിൽ മുതിർന്നവനായ തന്നെയായിരിക്കും ഹൈക്കമാന്റ് പരിഗണിക്കുകയെന്നാണ് പ്രതീക്ഷ', സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്ത് ഭരണം വിരുദ്ധ വികാരം ശക്തമാണ് മാത്രമല്ല നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മികച്ച ഭൂരിക്ഷത്തിൽ ഭരണത്തിലേറാൻ ഞങ്ങൾക്ക് സാധിക്കും', സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഡികെ പക്ഷം രംഗത്തെത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് ഹൈക്കമാന്റിന് കൂടുതൽ വെല്ലുവിളിയായേക്കും. പരമാവധി തർക്കങ്ങൾ അവസാനിപ്പിച്ച് മുന്നോട്ട് പോകണമെന്നതാണ് ഹൈക്കമാന്റ് നിലപാട്. രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രി കസേരയെ ചൊല്ലിയുണ്ടായ തർക്കങ്ങളും മധ്യപ്രദേശിൽ ഇത് ഭരണം നഷ്ടപ്പെടാൻ കാരണമായ സാഹചര്യത്തിലേക്ക് നീങ്ങിയ അനുഭവവും കോൺഗ്രസിന് മുന്നിലുണ്ട്. അതിനാൽ വലിയ പൊട്ടിത്തെറി ഒഴിവാക്കാനുള്ള നടപടികളായിരിക്കും ഹൈക്കമാന്റ് സ്വീകരിച്ചേക്കുക.
ദിനേശ് ഗുണ്ട് റാവുവിനു പകരമായി 2020 ലാണ് ഡി കെ ശിവകുമാർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നത്.അന്ന് മുതൽ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം പകരുന്ന ശക്തമായ പ്രവർത്തനങ്ങൾ ഡികെയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുകൾ ഉണ്ട്. ഡി കെയെ മുഖ്യമന്ത്രിയാക്കുന്നത് സംസ്ഥാനത്തെ പ്രബല വിഭാഗമായ വൊക്കാലിഗ സമുദായത്തിന്റെ വലിയ പിന്തുണ നേടിയെടുക്കാൻ സാധിക്കുമെന്ന കണക്ക് കൂട്ടൽ നേതൃത്വത്തിന് ഉണ്ട്. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസ് നടപടികൾ ഡികെ ശിവകുമാറിന് വെല്ലുവിളിയാകും.
സിദ്ധരാമയ്യയ്ക്ക് പിന്നാക്ക-ന്യൂനപക്ഷ - ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിനെതിരെ ഒരുവിഭാഗം രംഗത്തുണ്ട്. സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാൽ ഈ നേതാക്കളെല്ലാം പരസ്യമായി തന്നെ രംഗത്തെത്താനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നുണ്ട്.
കർണാടകത്തിൽ മെയ് 10 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് വോട്ടെണ്ണൽ. പുറത്തുവന്ന സർവ്വേകളിൽ ഏറെയും ഇത്തവണ കോൺഗ്രസിനാണ് ഭരണ സാധ്യത കൽപ്പിക്കുന്നത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.












Click it and Unblock the Notifications