ഈ 50 സീറ്റിൽ ഭൂരിപക്ഷം പിടിച്ചാൽ കർണാടക ഭരണം; കോൺഗ്രസ്-ബിജെപി കണക്ക് കൂട്ടൽ ഇങ്ങനെ
കിറ്റൂർ കർണാടക തീരുമാനിക്കും അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന്. 224 നിയസഭ സീറ്റുകളിൽ 50 സീറ്റുകൾ ഉൾപ്പെടുന്ന നിർണായക മേഖലയാണ് കിറ്റൂർ കർണാടക അല്ലെങ്കിൽ മുംബൈ-കർണാടക മേഖല. അതുകൊണ്ട് തന്നെ മേഖലയിൽ കൂടതൽ സീറ്റുകൾ നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവിടെ ബി ജെ പിയും കോൺഗ്രസും. 2008 ലും 2018 ലും കിറ്റൂർ കർണാടക മേഖലയിലെ വിജയം മാത്രം കൊണ്ട് ഭരണം പിടിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. അന്ന് ഓപ്പറേഷൻ കമല പയറ്റി മറ്റ് പാർട്ടികളിൽ നിന്നും എംഎൽഎമാരെ മറുകണ്ടം ചാടിച്ചായിരുന്നു ബി ജെ പി കർണാടക ഭരിച്ചത്.
പരമ്പരാഗതമായി ബി ജെ പിയെ പിന്തുണയ്ക്കുന്ന ലിംഗായത്ത് വിഭാഗത്തിന് കൂടുതൽ സ്വാധീനമുള്ള മേഖലയാണ് കിറ്റൂർ. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള 32 പേരാണ് കഴിഞ്ഞ തവണ ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത്. 7 എസ്‌സി, 3 എസ്ടി, 2 കുറുബ, 4 മറാത്ത, ജൈന, റാഡ്ഡി വിഭാഗങ്ങളിൽ നിന്നുള്ള ഓരോരുത്തരും കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസും ബി ജെ പിയും നേർക്ക് നേർ പോരാടുന്ന മണ്ഡലങ്ങളാണ് കിറ്റൂർ മേഖലയിൽ പലതും. ഇത്തവണയും ലിംഗായത്ത് വിഭാഗത്തിന്റെ പൂർണ പിന്തുണ തങ്ങൾക്ക് ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി ജെ പി ഇവിടെ. ലിംഗായത്ത് സമുദായത്തിലെ പ്രധാനിയായ മുൻ മുഖ്യമന്ത്രി കൂടിയായ ബി എസ് യെദിയൂരപ്പ ഇത്തവണ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കാൻ ഇല്ലാത്തത് പാർട്ടിക്ക് വെല്ലുവിളിയാണ്. എന്നിരുന്നാലും ലിംഗായത്ത് സമുദായത്തിൽ നിന്ന് തന്നെയുള്ള മുഖ്യമന്ത്രി ബസവരാജിന്റെ സ്വാധീനം മേഖലയിൽ വോട്ടായി മാറുമെന്ന് ബി ജെ പി കരുതുന്നു. മാത്രമല്ല സമുദായത്തിന് അനുവദിച്ച സംവരണവും അനുകൂലമാകുമെന്നും നേതൃത്വം കരുതുന്നു.
വ്യവസായങ്ങളുടെ അഭാവം, മോശം റോഡുകൾ, മലപ്രഭ, കൃഷ്ണ നദികൾ മൂലമുണ്ടാകുന്ന അടിക്കടിയുള്ള വെള്ളപ്പൊക്കം, അപ്പർ കൃഷ്ണ പ്രോജക്ട് പരാജയം തുടങ്ങിയവയാണ് മേഖലയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ.മേഖലയ്ക്ക് കുടിവെള്ളം ലഭിക്കാൻ സഹായിക്കുന്ന കലാസ-ബന്ദൂരി പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ കർഷകരുടെ അതൃപ്തി ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

വിജയ പരാജയം നിർണയിക്കുന്നതിൽ ദളിത്, ഒബിസി, മുസ്ലീം വോട്ടുകളും മേഖലയിൽ നിർണായമാണെന്നതിനാൽ കോൺഗ്രസും വലിയ പ്രതീക്ഷയിലാണ്. മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളഞ്ഞ സർക്കാർ നടപടിയിൽ മേഖലയിൽ അതൃപ്തി പുകയുന്നുണ്ട്. ഇത് മുതലെടുക്കാനാകുമെന്നും കോൺഗ്രസ് കരുതുന്നുണ്ട്.
ഭരണവിരുദ്ധ വികാരം, അഴിമതി പ്രശ്നങ്ങൾ, കർഷകരുടെ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിൽ ബി ജെ പി പരാജയപ്പെട്ടുവെന്നും ഈ വിഷയങ്ങളെല്ലാം കോൺഗ്രസിന് കൂടുതൽ ഗുണകരമാകുമെന്നും കെപിസിസി ജനറൽ സെക്രട്ടറി ഷാക്കിർ സനാദി പറഞ്ഞു. പ്രബല സമുദായങ്ങളിൽ നിന്നും കൂടുതൽ നേതാക്കളെ മത്സരിപ്പിച്ചിട്ടുണ്ടെന്നും ഇത് ഗുണം ചെയ്യുമെന്നും ഷാക്കിർ പറഞ്ഞു.

അതേസമയം വിജയ സങ്കൽപ യാത്ര, കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാരുകളുടെ ഭരണനേട്ടങ്ങൾ എന്നിവ കൂടുതൽ സീറ്റുകൾ നേടാൻ ബി ജെ പിയെ സഹായിക്കുമെന്ന് സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിക്കൈ പറഞ്ഞു.കൂടാതെ, ലിംഗായത്തുകൾക്കുള്ള സംവരണം വർദ്ധിപ്പിച്ചത് ഈ മേഖലയിൽ 35-ലധികം സീറ്റുകൾ സഹായിക്കുമെന്നും തെങ്കിങ്കൈ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications