യുവമോര്‍ച്ച നേതാവിന്റെ വധം; യോഗി മോഡല്‍ നടപ്പാക്കുമെന്ന് ബൊമ്മൈ... 2 പേര്‍ കൂടി പിടിയില്‍
ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഹാവേരി ജില്ലയിലെ സാക്കിര്‍ (29), ബെല്ലാരിയിലെ മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് പിടിയിലായതെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേഷ് ഭഗവാന്‍ സോനാവന്‍ പറഞ്ഞു. കൂടാതെ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവീണിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായത്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, വേണ്ടി വന്നാല്‍ യോഗി മോഡല്‍ കര്‍ണാടകയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. പ്രതികളുടെ വീട് പൊളിക്കുകയും പ്രതികളെ വെടിവച്ച് കൊല്ലുകയും ചെയ്യുന്ന ഉത്തര്‍ പ്രദേശിലെ രീതി ഈ കേസില്‍ സ്വീകരിക്കണമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ എന്ന ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സംഘടിത കുറ്റകൃത്യത്തെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കില്ല. എല്ലാവരും സമാധാന പാത സ്വീകരിക്കണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രവര്‍ത്തനം തുടങ്ങിയ സംഘടനയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഹിജാബ് വിവാദം അഞ്ച് കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ അത് സംസ്ഥാനതല പ്രതിഷേധത്തിന് ഇടയാക്കിയത് അവരാണ്. കോടതി സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് നിന്നതെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
അതേസമയം, പ്രവീണിനെ കൊലപ്പെടുത്തിയവരെ ഏറ്റുമുട്ടലില്‍ വധിക്കണമെന്ന് ബിജെപി എംഎല്‍എ രേണുകാചാര്യ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓം ശാന്തി പറയുന്നത് കൊണ്ടു മാത്രം കാര്യമില്ല. നമ്മിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടും. അതില്ലാതിരിക്കാന്‍ കുറ്റവാളികളെ തെരുവില്‍ വെടിവച്ച് കൊല്ലണം. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഭരണത്തില്‍ തുടരുന്നത്. ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാര്‍ ഉണരണം. അല്ലെങ്കില്‍ ഞാന്‍ രാജിവയ്ക്കുമെന്നു രേണുകാചാര്യ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി തന്റെ കോഴിക്കട അടച്ചുപോകാന്‍ ഒരുങ്ങവെയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയവരാണ് കൃത്യം നിര്‍വഹിച്ചത്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. എസ്ഡിപിഐ ആണ് സംഭവത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. 21 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുവരെ പിടികൂടിയവരുടെ എണ്ണം 23 ആയി. കാസര്‍കോട് സ്വദേശിയായ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രതികാരമാണിതെന്ന് പോലീസ് സംശയിക്കുന്നു. ഈ കേസില്‍ ബജ്‌റഗ്ദള്‍ പ്രവര്‍ത്തകരാണ് അറസ്റ്റിലയാത്. ദക്ഷിണ കന്നഡയിലെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കേരള പോലീസിന്റെ സഹായം കര്‍ണാടക പോലീസ് തേടിയിട്ടുണ്ട്.












Click it and Unblock the Notifications