രാജിവെച്ചത് 14 എംഎല്‍എമാര്‍? സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി, എംഎല്‍എമാര്‍ മുംബൈയിലേക്ക്
ബെംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച ഭരണകക്ഷി എംഎല്‍എമാര്‍ 14 പേരെന്ന് റിപ്പോര്‍ട്ട്. ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥ് ആണ് രാജ്ഭവന് പുറത്തുവച്ച് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. എല്ലാവരും സ്പീക്കറുടെ ഓഫീസില്‍ രാജികത്ത് നല്‍കിയിട്ടുണ്ട്. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോര എന്ന് തോന്നിയതിനാലാണ് രാജിയെന്നും വിശ്വനാഥ് വിശദീകരിച്ചു.

അതേസമയം, ആരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. അദ്ദേഹം വിമത എംഎല്‍എമാരെ കാണാന്‍ തയ്യാറായില്ല. പകരം ഓഫീസ് സെക്രട്ടറി രാജികത്ത് വാങ്ങിവെക്കുകയായിരുന്നു. തുടര്‍ന്നാണ് വിമതര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ശേഷം ഇവര്‍ വിമാനത്താവളത്തിലേക്ക് പോയി. മുംബൈയിലേക്ക് പോകുമെന്നാണ് വിവരം.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നും ചില വിമതര്‍ ആവശ്യപ്പെട്ടുവത്രെ.
വിശ്വനാഥ പറയുന്നത് ശരിയാണെങ്കില്‍ 14 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചിട്ടുണ്ട്. ഇതോടെ സ്പീക്കര്‍ അടക്കം 120 എംഎല്‍എമാരുടെ പിന്തുണയുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 106 ആയി. ബിജെപിക്ക് ഒറ്റയ്ക്ക് 105 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും.












Click it and Unblock the Notifications