കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ആശ്വാസം, ജെഡിഎസ് - എഐഎംഐഎം സഖ്യമുണ്ടാകില്ല
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീനുമായി (എഐഎംഐഎം) സഖ്യം ഉണ്ടാക്കാനുള്ള നീക്കം ജെഡിഎസ് ഉപേക്ഷിച്ചു. സിപിഎം, ആര്‍പിഐ എന്നീ പാര്‍ട്ടികളെ തിരഞ്ഞെടുപ്പിന് മുന്‍പ് ചില മണ്ഡലങ്ങളില്‍ ജെഡിഎസ് പിന്തുണക്കും എന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ലിസ്റ്റില്‍ എഐഎംഐഎം ഉള്‍പ്പെട്ടിട്ടില്ല. നേരത്തെ എഐഎംഐഎമ്മുമായി ജെഡിഎസ് സഖ്യ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് എഐഎംഐഎമ്മുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് ജെഡിഎസ്. തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ എഐഎംഐഎമ്മുമായി സഖ്യം രൂപീകരിക്കാന്‍ ജെഡിഎസ് ശ്രമിച്ചേക്കും.

ജെഡിഎസ്, എഐഎംഐഎം നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ സഖ്യനീക്കം ഉപേക്ഷിക്കാന്‍ ജെഡിഎസ് നിയമസഭാകക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി നിര്‍ബന്ധിതനാവുകയായിരുന്നു. എഐഎംഐഎമ്മിനൊപ്പം സഖ്യം ചേരുന്നത് ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കും എന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ ഈ ആശയം ഉപേക്ഷിച്ചുവെന്ന് ജെഡിഎസ് എംഎല്‍സിയും പാര്‍ട്ടി കോര്‍ കമ്മിറ്റി കണ്‍വീനറുമായ കെഎ തിപ്പേസ്വാമി പറഞ്ഞു. അതേസമയം ഗുല്‍ബര്‍ഗ റൂറല്‍, ബാഗേപള്ളി, കെആര്‍ പുര, സിവി രാമന്‍നഗര്‍, വിജയനഗര, മഹാദേവപുര എന്നിവിടങ്ങളില്‍ സിപിഎമ്മിനും ആര്‍പിഐക്കും ജെഡിഎസ് പിന്തുണ നല്‍കും. നഞ്ചന്‍ഗുഡില്‍ കോണ്‍ഗ്രസിന്റെ ദര്‍ശന്‍ ധ്രുവനാരായണനെയും പിന്തുണക്കും.
അതേസമയം കര്‍ണാടകയില്‍ ആകെയുള്ള 224 സീറ്റില്‍ 100 സീറ്റില്‍ മത്സരിക്കും എന്ന് എഐഎംഐഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ജെഡിഎസുമായി സഖ്യം രൂപീകരിക്കും എന്ന വാര്‍ത്ത പരന്നതോടെ കോണ്‍ഗ്രസ് ആശങ്കയിലായിരുന്നു. കര്‍ണാടകയിലെ മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുന്നവരാണ്. എഐഎംഐഎമ്മിന്റെ വരവ് ഈ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കും എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?
നേരത്തെ ബിഹാറിലും യുപിയിലും എഐഎംഐഎം കോണ്‍ഗ്രസ് അനുകൂല വോട്ടുകളെ ഭിന്നിപ്പിച്ചിരുന്നു. കര്‍ണാടകയിലാകട്ടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഹുബ്ബള്ളിയിലും വിജയ്പുരയിലും ഏതാനും സീറ്റുകള്‍ നേടി എഐഎംഐഎം ഇതിനകം തന്നെ സാന്നിധ്യം അറിയിച്ചിരുന്നു. മുന്‍പ് കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരാണ് ഇപ്പോള്‍ എഐഎംഐഎമ്മിനൊപ്പമുള്ളത് എന്നതും ശ്രദ്ധേയമാണ്.
എസ്ഡിപിഐയുടെ സാന്നിധ്യവും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ എഐഎംഐഎം, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളെ പിന്തുണച്ചാലും ആത്യന്തികമായി സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും എന്നാണ് നേതാക്കളുടെ വിശ്വാസം. ന്യൂനപക്ഷങ്ങള്‍ എന്നും കോണ്‍ഗ്രസിനൊപ്പമാണ് നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞിരുന്നു.












Click it and Unblock the Notifications