Karnataka Exit Poll: കോണ്‍ഗ്രസിന് കരുത്താവുക ഓൾഡ് മൈസൂർ മേഖല 32 വരെ സീറ്റ്: തീരദേശത്ത് ബിജെപിയെന്നും സർവെ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ 65 ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിച്ചത്.224 അംഗ കർണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ മെയ് 13നാണ് നടക്കുക. പല മണ്ഡലങ്ങളിലും ഭരണകക്ഷിയായ ബി ജെ പിയും കോൺഗ്രസും ജെ ഡി എസും തമ്മിൽ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടന്നത്. വോട്ടെടുപ്പ് പൂർത്തിയായതോടെ വിവിധ സർവേകളും പുറത്ത് വന്നിട്ടുണ്ട്.
ബെംഗളൂരു, സെൻട്രൽ, തീരദേശം, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക, ദക്ഷിണ കർണാടക അല്ലെങ്കിൽ പഴയ മൈസൂർ മേഖല എന്നിങ്ങനെ ആറ് മേഖലകളിലായി 224 മണ്ഡലങ്ങൾ കർണാടകയിലുണ്ട്. യഥാക്രമം 50, 51 അസംബ്ലി സീറ്റുകൾ ഉൾക്കൊള്ളുന്ന മുംബൈ-കർണാടക, ദക്ഷിണ കർണാടക എന്നിവയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മേഖലകള്‍. ഈ ഒരോ മേഖലകളും അടിസ്ഥാനമാക്കിയുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ എബിപി-സി വോട്ടർ പുറത്ത് വിട്ടിട്ടുണ്ട്.

ഗ്രേറ്റർ ബെംഗളൂരു മേഖല
എബിപി-സിവോട്ടർ എക്സിറ്റ് പോൾ പ്രകാരം ഗ്രേറ്റർ ബെംഗളൂരു മേഖല യില്‍ ബി ജെ പി 15-19 സീറ്റുകളും 45 ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്യും. മേഖലയിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 10 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് മണിക്കൂർ റോഡ്ഷോ നടത്തിയിരുന്നു. ഇത് ആയിരിക്കും ബി ജെ പിയുടെ പ്രകടനത്തില്‍ നിർണ്ണായകം. 39 ശതമാനം വോട്ട് വിഹിതത്തിൽ കോൺഗ്രസിന് 11-15 സീറ്റുകൾ ലഭിക്കും.
ഓള്‍ഡ് മൈസൂർ മേഖല
വൊക്കലിഗാസിന്റെ അടിത്തറയായ ഓൾഡ് മൈസൂർ മേഖലയിൽ ആകെയുള്ള 55 സീറ്റുകളിൽ 28-32 സീറ്റുകൾ നേടി കോൺഗ്രസ് മുന്നിട്ട് നില്‍ക്കാനാണ് സാധ്യത. എക്‌സിറ്റ് പോളുകൾ പ്രകാരം 38 ശതമാനം വോട്ട് വിഹിതവും കോണ്‍ഗ്രസിന് ലഭിച്ചേക്കും. 19-23 സീറ്റുകൾ നേടി ജെഡിഎസ് രണ്ടാം സ്ഥാനത്തെത്ത് എത്തുമ്പോള്‍ ബി ജെ പിക്ക് പൂജ്യം മുതല്‍ നാല് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി ഇവിട ഒമ്പത് സീറ്റുകൾ നേടിയിരുന്നു.
മധ്യ കർണാടക മേഖല
മധ്യ കർണാടക മേഖലയിൽ 43.9 ശതമാനം വോട്ട് വിഹിതത്തോടെ കോൺഗ്രസ് 18-22 സീറ്റുകൾ നേടുമെന്ന് എബിപി-സിവോട്ടർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി 12 മുതൽ 16 വരെ സീറ്റുകളും 39.2 ശതമാനം വോട്ടും നേടുകയും ചെയ്യും. 2018ലെ തിരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ട് വിഹിതത്തോടെ 35 നിയമസഭാ സീറ്റുകളിൽ 24ലും ബിജെപി വിജയിച്ചിരുന്നു.

തീരദേശ കർണാടക മേഖല എക്സിറ്റ് പോൾ
21 നിയമസഭാ സീറ്റുകൾ ഉൾപ്പെടുന്ന തീരദേശ കർണാടക സംസ്ഥാനത്തെ ഏറ്റവും ചെറിയ പ്രദേശമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 51 ശതമാനം വോട്ടും 18 സീറ്റുകളും നേടിയിരുന്നു. എക്‌സിറ്റ് പോൾ പ്രകാരം ഇത്തവണ ബി ജെ പി 15-19 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2-6 സീറ്റുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയേക്കും.
ഹൈദരാബാദ്-കർണാടക മേഖല
ഹൈദരാബാദ്-കർണാടക മേഖലയിൽ ബിജെപിക്ക് 11-15 സീറ്റുകളാണ് എക്‌സിറ്റ് പോളുകൾ നൽകിയത്. 43.6 ശതമാനം വോട്ട് വിഹിതത്തോടെ 13-17 സീറ്റുകൾ വരെ നേടി കോൺഗ്രസ് ഇവിടെ ബി ജെ പിക്ക് മുന്നിലെത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും യഥാക്രമം 12, 15 സീറ്റുകൾ നേടിയിരുന്നു.
മുംബൈ-കർണാടക
എബിപി-സിവോട്ടർ എക്സിറ്റ് പോൾ പ്രകാരം, മുംബൈ-കർണാടക മേഖലയിൽ കോൺഗ്രസ് 22-26 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. 2018-ൽ 17 സീറ്റുകളായിരുന്നു നേടിയിരുന്നത്. മറുവശത്ത്, 2018-ൽ ഈ മേഖലയിൽ 30 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 24-28 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications