കര്‍ണാടകയില്‍ ഒരടി മുന്നില്‍ ബിജെപി; 'സിലിക്കണ്‍ വാലി' മാതൃകയില്‍!! ജോലി രാജിവച്ചും സേവനം
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം ശക്തമാക്കി. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തുടക്കമായില്ലെങ്കിലും സോഷ്യല്‍ മീഡിയ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരടി മുന്നിലാണ് ബിജെപി. രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ പ്രചാരണം. വന്‍ ശമ്പളത്തില്‍ ജോലി ചെയ്തിരുന്നവര്‍ ജോലി രാജിവച്ചാണ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിനും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ പോരാളികള്‍ പണി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഇരുവിഭാഗത്തിനും മേല്‍നോട്ടം വഹിക്കുന്നു. സംഭവ ബഹുലമാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍....

ഇന്ത്യയിലെ ഐടി ഹബ്ബ്
ഇന്ത്യയിലെ ഐടി ഹബ്ബാണ് കര്‍ണാടകത്തിന്റെ തലസ്ഥാനമായ ബെംഗളൂരു. അതുകൊണ്ടുതന്നെ പാര്‍ട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് മുന്നിലെത്താന്‍ സാധിച്ചാല്‍ കര്‍ണാടകത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ നടന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് ഫലം. ഇത് മാറ്റിയെടുക്കുക എന്നത് മാത്രമാണ് ബജെപി ഐടി സെല്ലിന്റെ ലക്ഷ്യം. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം ഉപയോഗിക്കുകയാണ് പാര്‍ട്ടികള്‍. സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കോട്ടങ്ങളും കോണ്‍ഗ്രസ് പ്രചരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ വികസനമില്ലായ്മയും അഴിമതിയുമാണ് ബിജെപിയുടെ ഓണ്‍ലൈന്‍ ആയുധം.

ട്രോളുകള്‍ വ്യാപകം
നേതാക്കളെ കുറിച്ചുള്ള ട്രോളുകള്‍ തയ്യാറാക്കാന്‍ മാത്രം പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഫീല്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീഡിയോയും ഫോട്ടോകളും നിമിഷങ്ങള്‍ വച്ച് കൈമാറുകയാണ്. ബെംഗളൂരുവിലെ മല്ലേശ്വരത്ത് പാര്‍ട്ടി ഓഫീസിന് അടുത്താണ് ബിജെപിയുടെ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം. മറ്റൊരു ഓഫീസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പയുടെ മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്നു. ഓരോ ഓഫീസിലും ബിജെപിക്ക് 30 വീതം പേര്‍ പ്രവര്‍ത്തിക്കുന്നു. രണ്ടിടത്തായി 60 പേര്‍. എല്ലാവരും ചെറുപ്പക്കാരാണ്. ഇവര്‍ക്ക് പാര്‍ട്ടി നേതാക്കള്‍ സദാസമയം നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിന് 30 പേരാണ് പ്രവര്‍ത്തിക്കുന്നത്.

വന്‍ ശമ്പളം വേണ്ടെന്ന് വച്ചവര്‍
നേരത്തെ ഓരോ മണ്ഡലങ്ങളിലും ബിജെപിക്ക് വേണ്ടി തിരഞ്ഞെടുത്ത അണികള്‍ പ്രവര്‍ത്തിച്ചിരുന്നു. ജനവികാരം അറിയുകയായിരുന്നു ഇവരുടെ ദൗത്യം. ഓരോ മണ്ഡലത്തിലെയും പ്രശ്‌നങ്ങള്‍ ഇവര്‍ പഠച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വീഴ്ച കണ്ടെത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടാതെ ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍, ഫോട്ടോകള്‍, എതിര്‍കക്ഷികളുടെ നേതാക്കളുടെ ട്രോളുകള്‍ എന്നിവയെല്ലാം സൈബര്‍ പോരാളികള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വന്‍ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവര്‍ത്തകര്‍ രാജിവച്ചാണ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. മുന്‍ എബിവിപി പ്രവര്‍ത്തകന്‍ ബാലാജി ശ്രീനിവാസ് ആണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി.

23000 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍
ബിജെപിയുടെ സൈബര്‍ സെല്‍ 23000 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ നിരന്തരമായി ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു. ഓരോ സ്ഥലത്തെയും ആവശ്യങ്ങള്‍ മനസിലാക്കിയാണ് വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത്. സൈബര്‍ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഐടി കമ്പനികളുടെ മാതൃകയിലാണ് പ്രവര്‍ത്തനം. ഏത് സമയവും ഓഫീസ് സജീവമായിരിക്കും. കോണ്‍ഗ്രസിന് വേണ്ടി പ്രഫഷണല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധാരമയ്യ തന്നെയാണ് കോണ്‍ഗ്രസിന്റെ മുന്നണി പോരാളി. സൈബര്‍ സെല്ലിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതുമെല്ലാം അദ്ദേഹമാണ്. സിദ്ധാരാമയ്യയുടെ നീക്കങ്ങള്‍ തന്നെയാണ് ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതും.












Click it and Unblock the Notifications