പോക്സോ കേസ്; മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത് കർണാടക ഹൈക്കോടതി. യെദ്യൂരപ്പ ജൂൺ 17ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ യെദ്യൂരപ്പക്ക് എതിരെ നേരത്തെ കേസെടുത്തിരുന്നു.
'ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഏജൻസികളുടെ തെറ്റായ നടപടി ചോദ്യം ചെയ്‌തു കൊണ്ടാണ് ഞങ്ങൾ ഹർജി നൽകിയത്. യെദ്യൂരപ്പ മുൻ മുഖ്യമന്ത്രിയായിരുന്നതിനാൽ പ്രായവും അന്വേഷണത്തിലെ അദ്ദേഹത്തിന്റെ സഹകരണവും കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പോയി വാറണ്ട് വാങ്ങേണ്ട കേസല്ല ഇതെന്നായിരുന്നു കോടതിയുടെ അഭിപ്രായം' യെദ്യൂരപ്പയുടെ അഭിഭാഷകനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു.

നിലവിൽ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നതിനാൽ അറസ്‌റ്റ് നടപടികളൊന്നും ഉണ്ടാവരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ 17ന് ഹാജരാകാമെന്ന് കാട്ടി അദ്ദേഹം തന്നെ ഒരു കത്തെഴുതിയിട്ടുണ്ട്. എന്തായാലും അദ്ദേഹം ജൂൺ 17ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകുമെന്നും യെദ്യൂരപ്പയുടെ അഭിഭാഷകൻ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യെദ്യൂരപ്പക്കെതിരെ ബെംഗളൂരു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. അറസ്‌റ്റ് വാറണ്ട് വന്നതിന് പിന്നാലെ യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
ഈ വർഷം മാർച്ചിൽ ആയിരുന്നു മുൻ മുഖ്യമന്ത്രിക്കെതിരെ പതിനേഴ് വയസുകാരിയുടെ മാതാവ് രംഗത്ത് വന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഒരു വഞ്ചനാക്കേസിൽ സഹായം തേടി മുതിർന്ന ബിജെപി നേതാവിനെ സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആരോപണം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ യെദ്യൂരപ്പക്കെതിരെ പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ (ലൈംഗിക പീഡനം) പ്രകാരവും കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. ബെംഗളൂരു സദാശിവനഗർ പോലീസ് സ്‌റ്റേഷനിലാണ് യെദ്യൂരപ്പക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
നാല് തവണ കർണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പക്ക് എതിരെ ഇരയുടെ സഹോദരൻ കോടതിയിൽ ഹർജിയും നൽകിയിരുന്നു. കേസിന്റെ അന്വേഷണം നിലവിൽ സംസ്ഥാനത്തെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനാണ് (സിഐഡി). ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുധനാഴ്‌ച സിഐഡി യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചിരുന്നെങ്കിലും ഡൽഹിയിൽ ആയിരുന്നതിനാൽ യെദ്യൂരപ്പ ഹാജരായിരുന്നില്ല.












Click it and Unblock the Notifications