ചോദ്യ പേപ്പര്‍ ചോര്‍ച്ച: മന്ത്രിയുടെ പി.എ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മന്ത്രിയുടെ പി.എ അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു.മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീലിന്റെ പി.എ ഒബലരാജു, ബെംഗളൂരു വിജയനഗര്‍ കേംബ്രിഡ്ജ് കോളേജിലെ കായിക അധ്യാപകനും എല്‍.ഐ.സി ഏജന്റുമായ മഞ്ജുനാഥ്, പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനന്‍ രുദ്രപ്പ എന്നിവരാണ് അറസ്റ്റിലായത്.
മഞ്ജുനാഥ് പരീക്ഷാ ബോര്‍ഡില്‍ നിന്ന് ചോദ്യക്കടലാസ് സംഘടിപ്പിച്ച് 10 ലക്ഷം രൂപയ്ക്ക് രുദ്രപ്പയ്ക്കു വില്‍ക്കുകയായിരുന്നെന്ന് അറസ്്റ്റു രേഖപ്പെടുത്തിയ ഡി.ഐ.ജി സോണിയ നാരംഗ് പറഞ്ഞു.പിന്നീട് ഒബലരാജു ചോദ്യ പേപ്പര്‍ കോളേജുകള്‍ക്കു കൈമാറുകയായിരുന്നു.

മാര്‍ച്ച് 21 ന് നടക്കാനിരുന്ന കെമിസ്ട്രി പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. മാര്‍ച്ച് 31 നു പുന പരീക്ഷ പ്രഖ്യാപിച്ചെങ്കിലും പരീക്ഷയ്ക്കു മണിക്കൂറുകള്‍ക്ക് മുന്‍പ് വീണ്ടും ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഏപ്രില്‍ 12 നു വീണ്ടും പരീക്ഷ നടത്താനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.
സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളടക്കമുളളവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുളള വിവരങ്ങള്‍ കിട്ടിയത്.ചോദ്യക്കടലാസ് മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ് ആപ് വഴിയുളള വിതരണവും നടന്നിരുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നു. 1.7 ലക്ഷം വിദ്യാര്‍ത്ഥികളാണ് 975 പരീക്ഷാസെന്ററുകളിലായി പരീക്ഷ എഴുതാനിരുന്നത്. രോഷാകുലരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷാ സെന്ററുകള്‍ക്കു മുന്നില്‍ പ്രകടനം നടത്തുകയും വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications