കര്‍ണാടക മുഖ്യമന്ത്രി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; കൂടെ മന്ത്രിമാരും, ചടങ്ങ് കെങ്കേമമാകും
ബെംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ചയാകും മുഖ്യമന്ത്രി ആര് എന്ന പ്രഖ്യാപനം നടത്തുക. പാര്‍ട്ടിയുടെ എംഎല്‍എമാരുമായും മുതിര്‍ന്ന നേതാക്കളുമായും കേന്ദ്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയാണ്. ശേഷം ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കും. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുക.
ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാകും സത്യപ്രതിജ്ഞ. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം പങ്കെടുക്കുന്ന വലിയ പരിപാടിയാണ് സംഘടിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയ്ക്ക് മുമ്പ് മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും മുന്തിയ പരിഗണനയിലുള്ളവര്‍. രണ്ടുപേര്‍ക്കും ജനകീയ-പാര്‍ട്ടി അടിത്തറയുണ്ട്. എംഎല്‍എമാരുടെ അഭിപ്രായം ആരായാന്‍ ഇന്ന് ബെംഗളൂരുവിലെ ഹോട്ടലില്‍ യോഗം വിളിച്ചു ചേര്‍ത്തു. ജഗദീഷ് ഷെട്ടാറിനെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
135 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇവരുടെ അഭിപ്രായം തേടും. ഹൈക്കമാന്റ് പ്രതിനിധികളായി മൂന്ന് കേന്ദ്ര നേതാക്കളാണ് എത്തിയിട്ടുള്ളത്. കൂടാതെ കെസി വേണുഗോപാല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരും ബെംഗളൂവിലുണ്ട്. ഇവര്‍ എംഎല്‍എമാരുമായും പ്രധാന നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം വിവരം ഹൈക്കമാന്റിനെ അറിയിക്കും.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രി ആര് എന്ന കാര്യം പ്രഖ്യാപിക്കുക. ഈ വേളയില്‍ തന്നെ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. എല്ലാ മത-ജാതി-മേഖലാ പ്രാതിനിധ്യവും ഉറപ്പാക്കുന്നതാകും മന്ത്രിസഭ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ലിംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാര്‍ തോല്‍ക്കുകയാണ് ചെയ്തത്. എങ്കിലും ഇദ്ദേഹത്തിന് സുപ്രധാന പദവി നല്‍കുമെന്നാണ് വിവരം. എംഎല്‍എമാരുടെ യോഗത്തിലേക്ക് അദ്ദേഹത്തെ കൂടി ക്ഷണിച്ചത് ഷെട്ടാറിനെ കോണ്‍ഗ്രസ് കൈവിടില്ല എന്ന സൂചനയാണ്. മാത്രമല്ല, അദ്ദേഹത്തിന് വേണ്ട പരിഗണന നല്‍കുമെന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നു.
ഭിന്നതയില്ലാതെ രമ്യമായ പരിഹാരമാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ശോഭ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ തര്‍ക്കമുണ്ടായി മങ്ങിപ്പോകരുത് എന്ന് ഹൈക്കമാന്റിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് മൂന്ന് നിരീക്ഷകരെ അയച്ചതും എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം സമവായ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശിച്ചതും.
വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വമ്പന്‍ ആഘോഷമാക്കി മാറ്റുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മറ്റു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചോതുന്ന ഐക്യ സമ്മേളനമാക്കി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റാനാണ് ആലോചന. സിപിഎം, എഎപി, എസ്പി, തൃണമൂല്‍ തുടങ്ങി കോണ്‍ഗ്രസുമായി സഖ്യമില്ലാത്ത പാര്‍ട്ടികളുടെ നേതാക്കളെയും ക്ഷണിക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications