ആദ്യ പോസ്‌റ്റിങ് ഹാസനിൽ, യാത്രക്കിടെ അപകടം; കർണാടകയിൽ പ്രൊബേഷണറി ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ബെംഗളൂരു: ജോലിയിൽ പ്രവേശിക്കേണ്ട ആദ്യ ദിനമുണ്ടായ അപകടത്തിൽ കർണാടകയിലെ പ്രൊബേഷണറി ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം. മൈസൂരിൽ നിന്നും ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യാനായി ഒദ്യോഗിക വാഹനത്തിൽ സഞ്ചരിക്കവേ ഹാസന് അടുത്തുള്ള കിട്ടനെ ഗ്രാമത്തിൽ വച്ചുണ്ടായ അപകടത്തിലാണ് പ്രൊബേഷണറി ഐപിഎസ് ഓഫീസറായ ഹർഷവർധന് ജീവൻ നഷ്‌ടമായത്.
27കാരനായ ഹർഷവർധൻ മധ്യപ്രദേശ് സ്വദേശിയാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി കർണാടക കേഡറിൽ തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിടാനായി പുറപ്പെട്ട യാത്രയിലാണ് ഈ ചെറുപ്പക്കാരന്റെ ജീവൻ പൊലിഞ്ഞത്.

യാത്രക്കിടയിൽ അപ്രതീക്ഷിതമായി ടയർ പൊട്ടി പോലീസ് ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. മൈസൂരിലെ പോലീസ് അക്കാദമിയിൽ നിന്നും ഹാസനിലെ എസ്‌പി ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മൈസൂരു ഐജി ഓഫീസ് ഉൾപ്പെടെ സന്ദർശിച്ച ഹർഷവർധൻ അവിടെ നിന്നും ഒരുപാട് പ്രതീക്ഷയോടെയാണ് ഹാസനിലേക്ക് യാത്ര തിരിച്ചത്.
ഹാസൻ എസ്‌പി മുഹമ്മദ് സുജിത, എഎസ്‌പിമാരായ തമ്മയ്യ, വെങ്കിടേഷ് നായിഡു എന്നിവർ അപകടവാർത്ത അറിഞ്ഞയുടൻ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷവർധനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗുരുതരമായ പരിക്കുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
മെച്ചപ്പെട്ട ചികിത്സക്കായി ബെംഗളുരുവിലേക്ക് മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഡോക്‌ടർമാർ തീവ്ര പരിശ്രമത്തിലൂടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഒടുവിൽ ഹർഷവർധന്റെ മരണവിവരം ആശുപത്രി അധികൃതർ പോലീസ് അധികാരികളെ അറിയിച്ചു.
അപകടവിവരം അറിഞ്ഞ് നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലേക്ക് എത്തിയത്. ദക്ഷിണ മേഖല ഐജി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ഇവിടേക്ക് വന്നിരുന്നു. 2023 ബാച്ചിലെ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഹർഷവർധൻ. ഹോളനരസിപൂരിലെ പ്രൊബേഷണറി അസിസ്‌റ്റന്റ് പോലീസ് സൂപ്രണ്ട് എന്ന പദവിയായിരുന്നു അദ്ദേഹം വഹിക്കേണ്ടിയിരുന്നത്.












Click it and Unblock the Notifications