ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണയ്ക്ക് ഹാസനിൽ തോൽവി; ജെഡിഎസിന് തിരിച്ചടി
ബെംഗളൂരു: കർണാടകയിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്ക് തിരഞ്ഞെടുപ്പിൽ തോൽവി. പാർട്ടിയുടെ കുത്തക മണ്ഡലമായ ഹാസനിൽ നിന്ന് ജനവിധി നേടിയ പ്രജ്വൽ രേവണ്ണയ്ക്ക് വലിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിൽ തോൽവി വഴങ്ങേണ്ടി വന്നു. 40000ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രജ്വലിന്റെ തോൽവി.
ഇവിടുത്തെ സിറ്റിങ് എംപിയായിരുന്ന പ്രജ്വൽ കോൺഗ്രസിന്റെ ശ്രേയസ് പട്ടേലിനോടാണ് പരാജയപ്പെട്ടത്. ഏകദേശം 25 വർഷത്തിന് ശേഷമാണ് ഹാസൻ മണ്ഡലം കോൺഗ്രസ് പിടിച്ചെടുക്കുന്നത് എന്ന പ്രത്യേകത കൂടി ഈ ജയത്തിനുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിൻ്റെ പിതാവ് എച്ച്ഡി രേവണ്ണയോട് ഹോളനർസിപൂരിൽ നിന്ന് പരാജയപ്പെട്ട ആളാണ് ശ്രേയസ് പട്ടേൽ.

സ്ത്രീകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങൾ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തന്നെ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഹാസനിൽ ഉൾപ്പെടെ വിഷയം ആളിക്കത്തുകയും ചെയ്‌തിരുന്നു. ഇതുൾപ്പെടെ പ്രജ്വൽ രേവണ്ണയുടെ തോൽവിക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.
കൂടാതെ വലിയൊരു വിഭാഗം ബിജെപി നേതാക്കളും പ്രജ്വൽ രേവണ്ണയ്ക്ക് എതിരായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതും പ്രജ്വൽ രേവണ്ണയ്ക്ക് തുണയായി എന്നാണ് കണക്ക് കൂട്ടൽ. രണ്ട് പ്രമുഖ നേതാക്കളുടെ കൊച്ചുമക്കൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഹാസൻ മണ്ഡലം സാക്ഷ്യം വഹിച്ചതെന്നതാണ് ഇക്കുറി ഉണ്ടായിരുന്ന കൗതുകം.
മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. ശ്രേയസ് പട്ടേലിന്റെ മുത്തച്ഛൻ ജി പുട്ടസ്വാമി ഗൗഡ മുൻപ് ദേവഗൗഡയെ പരാജയപ്പെടുത്തി ഹാസൻ എംപിയായ വ്യക്തി കൂടിയായിരുന്നു.
പ്രജ്വൽ രേവണ്ണയുടെ തോൽവിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ജെഡിഎസ് അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി ഇതിനോട് പ്രതികരിച്ചു. പ്രജ്വലിന്റെ തോൽവിയിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തുകയുണ്ടായി. ഈ ഫലം ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും, തങ്ങൾ സന്തോഷവാന്മാർ അല്ലെന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞത്.
ബിജെപിയും ജെഡിഎസും അടുത്തിടെയാണ് സഖ്യം പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ ചില ബിജെപി നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു. മുൻപ് ഹാസൻ എംഎൽഎ ആയിരുന്ന പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നേതൃത്വം ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ തവണ പ്രജ്വൽ ഇവിടെ ഒരു ലക്ഷത്തിൽ അധികം വോട്ടുകൾക്ക് വിജയിച്ചിരുന്നു.












Click it and Unblock the Notifications