മകളെ വീട്ടിലെത്തിക്കാൻ സ്പീക്കർ നേരത്തെ ഇറങ്ങി, രാജിക്കത്ത് നേരിട്ട് കൊടുക്കാനാവതെ എംഎൽഎമാർ!
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കൂട്ട രാജിയോടെ കര്‍ണാടകത്തിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി പതിനൊന്ന് എംഎല്‍എമാരാണ് അപ്രതീക്ഷിതമായി രാജി നീക്കം നടത്തിയത്. പതിനൊന്ന് പേരും രാജിയുമായി കര്‍ണാടക സ്പീക്കറുടെ ഓഫീസില്‍ എത്തിയെങ്കിലും അദ്ദേഹത്തെ നേരിട്ട് കണ്ട് രാജിക്കത്ത് കൈമാറാനായില്ല.
കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന്റെ സെക്രട്ടറിക്കാണ് എംഎല്‍എമാര്‍ രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് സ്പീക്കറുടെ പക്കലെത്തി സ്പീക്കര്‍ അംഗീകരിച്ചാല്‍ മാത്രമേ രാജിക്ക് സാധുതയുളളൂ. അതേസമയം പതിനൊന്ന് എംഎല്‍എമാരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഫീസില്‍ നിന്ന് തനിക്ക് നേരത്തെ ഇറങ്ങേണ്ടി വന്നത് കൊണ്ടാണ് എംഎല്‍എമാരെ കാണാന്‍ സാധിക്കാതെ വന്നതെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു. മകളെ വീട്ടിലെത്തിക്കേണ്ടിയിരുന്നത് കൊണ്ടാണ് നേരത്തെ ഇറങ്ങിയത്. എംഎല്‍എമാരുടെ രാജിക്കത്ത് വാങ്ങി വെക്കാന്‍ താന്‍ തന്നെയാണ് സെക്രട്ടറിയെ ഏല്‍പ്പിച്ചത് എന്നും സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.
പതിനൊന്ന് എംഎല്‍എമാരുടേയും രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. നാളെ ഞായര്‍ അവധി ദിവസം ആയത് കൊണ്ട് തന്നെ എംഎല്‍എമാരെ താന്‍ തിങ്കളാഴ്ച കാണുമെന്നും സ്പീക്കര്‍ പറഞ്ഞു. രാജിക്കത്ത് നല്‍കിയ എംഎല്‍എമാരെ അനുനയിപ്പിക്കാനുളള ശ്രമം കോണ്‍ഗ്രസ് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സ്പീക്കറെ കാണാന്‍ എത്തിയവരില്‍ മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എത്തി തിരികെ കൊണ്ട് പോയി.












Click it and Unblock the Notifications