യമുനയിൽ വിഷം കലർത്തിയെന്ന ആരോപണം; കെജ്രിവാളിന് കോടതിയുടെ സമൻസ്, ഫെബ്രുവരി 17ന് ഹാജരാകണം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിർണായക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിന് വീണ്ടും നിയമക്കുരുക്ക്. ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്താൻ ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുകയാണെന്ന അവകാശവാദത്തിലാണ് അരവിന്ദ് കെജ്രിവാളിന് പിടിവീണിരിക്കുന്നത്. വിഷയത്തിൽ ഹരിയാന കോടതി കെജ്രിവാളിന് സമൻസ് അയച്ചിട്ടുണ്ട്.
ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാൻ കെജ്രിവാളിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിൽ വീഴ്‌ച വരുത്തിയാൽ നിയമം അനുസരിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കെജ്രിവാളിന് നൽകിയ നോട്ടീസിൽ പറയുന്നു. തന്റെ ആരോപണത്തിന് പിന്നിലെ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ കെജ്രിവാളിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ യമുനയിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ കഴിയുന്ന തെളിവുകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്രിവാളിന്റെ അവകാശവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തെളിവ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാത്രി എട്ടിനകം പ്രതികരണം അറിയിക്കാനാണ് മുൻ മുഖ്യമന്ത്രിയോട് തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടത്.
ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ ആരോപണങ്ങളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഡൽഹിയിലെ യമുനയിലെ ജലത്തിലെ 7 പാർട്‌സ് പെർ മില്യൺ (പിപിഎം) എന്ന അളവിൽ അമോണിയയുടെ അളവ് അപകടകരമാണെന്ന് കെജ്രിവാൾ അറിയിച്ചിരുന്നു. ദേശീയ മാധ്യമമായ ഇന്ത്യടുഡേയോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
7 പിപിഎം അമോണിയ വിഷത്തിന് തുല്യമാണെന്ന് കെജ്രിവാൾ പറഞ്ഞു. ഹരിയാനയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ നദിയെ മലിനമാക്കുകയും ഡൽഹി നിവാസികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു എന്ന തന്റെ ആരോപണം അദ്ദേഹം ആവർത്തിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പരസ്യമായി യമുന ജലം കുടിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.
ഈ വെല്ലുവിളി ഏറ്റെടുത്ത ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി യമുന ജലം കുടിച്ചു, ഇതിന്റെ വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. ഇതിന് യമുന ജലത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എന്നാൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നും കെജ്രിവാൾ ജീവിതകാലം മുഴുവൻ കള്ളം പറയുകയാണെന്നും സൈനി ആരോപിച്ചു.
ഡൽഹിയിൽ ഫെബ്രുവരി അഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണങ്ങൾ വലിയ പ്രകമ്പനം സൃഷ്‌ടിച്ചിട്ടുണ്ട്. ബിജെപിക്കൊപ്പം കോൺഗ്രസും കെജ്രിവാളിനെതിരെ രംഗത്ത് വന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. വിഷയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.












Click it and Unblock the Notifications