സ്വർണ പണയ വായ്‌പയിൽ റെക്കോർഡിട്ട് കേരളം; വൻ കുതിപ്പ്, കാരണങ്ങളേറെ, ഇനിയും കുതിക്കുമോ?
കൊച്ചി: കേരളത്തിൽ സ്വർണ വായ്‌പ എടുക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ ബാങ്കുകളുടെ സ്വർണ വായ്‌പ 1,47,948.91 കോടി രൂപയായി ഉയർന്നു. ഇതോടെ സ്വർണം അവസാന ആശ്രയമായി മാത്രം ഉപയോഗിക്കുന്ന രീതിയിൽ നിന്ന് മാറി എളുപ്പത്തിൽ പണം കണ്ടെത്താനുള്ള മാർഗമായി മാറുകയാണെന്നാണ് ബാങ്കർമാർ ചൂണ്ടിക്കാണിക്കുന്നത്. ഇത് സ്വർണ പണയ വായ്‌പയിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നതിന്റെ സൂചന കൂടിയായാണ് കണക്കാക്കുന്നത്.
ബാങ്കുകൾ നൽകുന്ന കാർഷിക സ്വർണ വായ്‌പ ഒരു ലക്ഷം കോടി രൂപ കടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ അവസാനം കാർഷിക സ്വർണ വായ്‌പ 1,06,726.41 കോടി രൂപയിലെത്തിയിരുന്നു. 2024 ജൂണിൽ ഇത് 1,02,654.60 കോടി രൂപയായിരുന്നു. രണ്ട് വർഷത്തിനിടെ ബാങ്കുകളുടെ ആകെ സ്വർണ വായ്‌പയിൽ 45,294.31 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. ഏകദേശം 44.1 ശതമാനമാണ് വർധനയെന്ന് അർത്ഥം.

കാർഷികേതര വിഭാഗത്തിലെ സ്വർണ വായ്‌പയിലാണ് കൂടുതൽ ശ്രദ്ധേയമായ വർധന. 2024 ജൂണിലെ 25,428.08 കോടി രൂപയിൽ നിന്ന് 2026 ജൂണിൽ ഇത് 41,222.55 കോടി രൂപയായി ഉയർന്നു. ഏകദേശം 63 ശതമാനത്തിന്റെ വർധനയാണിത്. അതേസമയം കാർഷിക സ്വർണ വായ്‌പയിലും ഏകദേശം 29,500 കോടി രൂപയുടെ വർധന രേഖപ്പെടുത്തി.
രാജ്യത്ത് ജീവിതച്ചെലവ് ഉയരുന്നതിനിടെയാണ് സ്വർണ വായ്‌പയുടെ ഉപയോഗവും വർധിക്കുന്നത്. ഇതിനൊപ്പം സ്വർണവില കുത്തനെ ഉയർന്നത് പണയംവെച്ചാൽ കൂടുതൽ തുക വായ്‌പയായി ലഭിക്കാനും കാരണമാകുന്നു. സാമ്പത്തിക സമ്മർദം മൂലമാണോ, അതോ വായ്‌പയെടുക്കുന്ന രീതിയിലുണ്ടായ മാറ്റമാണോ ഈ വർധനയ്ക്ക് പിന്നിലെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും ആളുകൾക്ക് പ്രിയം സ്വർണം പണയം വയ്ക്കുന്നതിനോട് ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ബാങ്കുകളിൽ കേരളത്തിലെ സ്വർണ വായ്‌പ വിപണിയിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നിൽ. 28,623.32 കോടി രൂപയാണ് എസ്ബിഐയുടെ സ്വർണ വായ്‌പ. 25,828.92 കോടി രൂപയുമായി കാനറ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. ഫെഡറൽ ബാങ്കിന് 12,202.39 കോടി രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിന് 7,873.67 കോടി രൂപയുമാണ് സ്വർണ വായ്‌പയിലുള്ളത്.
എന്നാൽ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, ഇൻഡൽ മണി തുടങ്ങിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വലിയ സ്വർണ വായ്‌പ പോർട്ട്ഫോളിയോ ഈ കണക്കുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതിനാൽ കേരളത്തിലെ സ്വർണം പണയംവെച്ചുള്ള മൊത്തം വായ്‌പയുടെ ചിത്രം ഇതിലും ഏറെ വലുതായിരിക്കാനാണ് സാധ്യത.
സ്വർണ പണയ വായ്‌പയോട് താൽപര്യം തോന്നാൻ കാരണങ്ങൾ വേറെയും
നിലവിലെ സാഹചര്യത്തിൽ സ്വർണ വായ്‌പയോട് പ്രിയം തോന്നാൻ വേറെയും കാരണങ്ങൾ ഉണ്ടെന്നതാണ് വാസ്‌തവം. അതിൽ പ്രധാനമാണ് സിബിൽ സ്‌കോർ ഉൾപ്പെടെയുള്ള നൂലാമകൾ ഇതിന് ഉണ്ടാവില്ലെന്നത്. ദേശസാൽകൃത ബാങ്കുകളിൽ ആയാലും സഹകരണ ബാങ്കുകളിൽ ആയാലും മിനിറ്റുകൾക്കുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പണം കൈയിലെത്താൻ സ്വർണ വായ്‌പ തന്നെയാണ് ഉത്തമമെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.
മാത്രമല്ല കുറഞ്ഞ കാലയളവിലേക്ക് പണം ആവശ്യമുള്ള ആളുകൾക്കും എന്തുകൊണ്ട് ഇതൊരു നല്ല വഴിയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. എന്തെന്നാൽ ലോണുകൾ ക്ലോസ് ചെയ്യുക എന്നതും ലളിതമായ നടപടി ക്രമങ്ങൾ മാത്രമുള്ളവയാണ്. കുറഞ്ഞ ഫോർ ക്ലോഷർ ചാർജും ഇവയിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്ന ഒന്നാണ്.


Click it and Unblock the Notifications
