അമൃതപാലിനെ തൊടാനാവാതെ പഞ്ചാബ് പോലീസ്; ഹോഷിയാര്‍പൂര്‍ ചെക് പോസ്റ്റ് കടന്നു, നേപ്പാളിലെത്തി
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിംഗിനെ അറസ്റ്റ് ചെയ്യാനാവാതെ പഞ്ചാബ് പോലീസ്. ദിവസങ്ങളായി ഇയാള്‍ക്ക് വേണ്ടി പലയിടങ്ങളിലായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ദില്ലിയിലേക്ക് അമൃതപാല്‍ മുങ്ങിയിരിക്കുകയാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പഞ്ചാബ് പോലീസ് നാട്ടാകെ വല വിരിച്ചിട്ടും അമൃതപാലിനെ പിടിക്കാനായില്ല.
ചെക്‌പോസ്റ്റും കടന്നാണ് അമൃതപാലും ഇയാളുടെ അനുയായിയും രക്ഷപ്പെട്ടത്. ഇത് എങ്ങനെ സാധിച്ചുവെന്ന വ്യക്തമല്ല. സെര്‍ച്ച് ഓപ്പറേഷനിടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അമൃതപാലിന്റെ കൂട്ടാളികളാണ് അറസ്റ്റിലായ രണ്ട് പേര്‍. കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഒരു ടീം, ഇന്നോവ കാറില്‍ അമൃതപാല്‍ ഉണ്ടെന്ന സംശയത്തില്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ആരെയും കണ്ടെത്താന്‍ സാധിച്ചില്ല.

ഗുരുദ്വാരയില്‍ കാര്‍ ഉപേക്ഷിച്ചാണ് പ്രതികള്‍ മുങ്ങിയതെന്ന് ഹോഷിയാര്‍പൂര്‍ സിഐഡി വിഭാഗം അറിയിച്ചു. ഹോഷിയാര്‍പൂരില്‍ ഖലിസ്ഥാന്‍ നേതാവ് ഉണ്ടെന്ന ധാരണയില്‍ പോലീസ് ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. പക്ഷേ ഇയാളെ കണ്ടെത്താനായില്ല. ഗുരുദ്വാരയില്‍ ഒരു ഇന്നോവയെ ഉപേക്ഷിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.
അതേസമയം മാര്‍ച്ച് 21ന് അമൃതപാലിനെ കിഴക്കന്‍ ദില്ലിയിലെ മധുവിഹാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നതാണ് ഉള്ളത്. എന്നാല്‍ തലപ്പാവ് ധരിച്ചിരുന്നില്ല. ആകെ ലുക്ക് മാറ്റിയാണ് അമൃതപാലിന്റെ സഞ്ചാരം. ഇത് ഇയാള്‍ തന്നെയാണെന്ന് പഞ്ചാബ് പോലീസ് സൂചിപ്പിക്കുന്നു. അമൃതപാലിനൊപ്പം നടക്കുന്ന മറ്റൊരാള്‍ സഹായിയായ പാപ്പല്‍പ്രീത് സിംഗാണെന്നും പോലീസ് സൂചിപ്പിക്കുന്നു.
ഇയാള്‍ നേപ്പാളിലേക്ക് കടന്നതായും ഇന്ത്യ കരുതുന്നുണ്ട്. നേപ്പാള്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നിരീക്ഷിക്കേണ്ട വ്യക്തികളുടെ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അമൃതപാല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത ശക്തമാണ്. നേപ്പാളിലേക്ക് കടന്നാല്‍ ഇയാളെ കണ്ടെത്തുക ബുദ്ധിമുട്ടേറിയതാവും. പല സ്ഥലങ്ങളിലായിട്ടാണ് ഇയാള്‍ ഒളിഞ്ഞിരിക്കുന്നത്.
ദില്ലിയിലെ തെരുവുകളില്‍ മാസ്‌ക് ധരിച്ചാണ് ഇയാള്‍ നടക്കുന്നത്. പല ഏജന്‍സികളുമായി ചേര്‍ന്ന് അമൃതപാലിനെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടരെ വാഹനങ്ങള്‍ മാറ്റിയാണ് ഇയാള്‍ രക്ഷപ്പെട്ട് കൊണ്ടിരിക്കുന്നത്. ഹരിയാനയിലും ഇയാള്‍ നേരത്തെ അഭയം തേടിയിരുന്നു. ഇയാള്‍ക്ക് അഭയം നല്‍കിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയില്‍ അമേരിക്കന്‍ ഗറില്ലാ മോഡല്‍ യുദ്ധമുറകള്‍ പ്രയോഗിക്കാനാണ് അമൃതപാല്‍ ശ്രമിച്ചിരുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. അമൃതപാലിന്റെ സഹായികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ യുഎസ് ഗറില്ലാ മുറകളെ കുറിച്ച പറയുന്ന രണ്ട് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. വിരമിച്ച സിഖ് സൈനിക പരിശീലകരെ തന്റെ സഹായികളെ പരിശീലിപ്പിക്കാനായി ഇയാള്‍ തിരഞ്ഞിരുന്നു. ഇതെല്ലാം വലിയ ലക്ഷ്യങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications