ബിഹാറിലെ ക്ഷീണം മറികടക്കാൻ ബിജെപി; ജാർഖണ്ഡിൽ ഭരണപക്ഷ എംഎൽഎമാരെ ചാക്കിടാൻ നീക്കം
ദില്ലി: ഖനി അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കിയ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജെ എം എം നേതൃത്വം. ഹേമന്ത് സോറന് പകരം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ജെ എം എമ്മിൽ ആരംഭിച്ചതായി സൂചനകളുണ്ട്. എന്നാൽ നേതൃത്വം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ

നിലവിൽ ഹേമന്ത് സോറന്റെ ഭാര്യ കൽപന, അല്ലെങ്കിൽ മാതാവ് രൂപി എന്നിവരെ മുഖ്യമന്ത്രിയാക്കാനുളള സാധ്യതകളാണ് ജെ എം എം പരിശോധുക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ജോബ മാൻജി, ചമ്പെ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുളള തയ്യാറെടുപ്പിലാണ് ബി ജെ പി നേതൃത്വം.

ഭരണകക്ഷി എം എൽ എമാരെ ചാക്കിടാനുളള പദ്ധതികളാണ് ബി ജെ പി ആലോചിക്കുന്നത്. നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എം എൽ എമാരാണ് ജെ എം എം- കോൺഗ്രസ്- ആർ ജെ ഡി സഖ്യത്തിനുള്ളത്. പ്രതിപക്ഷമായ ബി ജെ പിക്കൊപ്പം 30 എ എൽ മാരുണ്ട്. തങ്ങളുടെ എം എൽ എമാർ സഖ്യത്തിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ഭരണകക്ഷി അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്രകണ്ട് എളുപ്പമല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

സഖ്യകക്ഷിയായ കോൺഗ്രസിന് 18 എം എൽ എമാരാണ് ഉള്ളത്. ഇതിൽ മൂന്ന് എം എൽ എമാരെ നേതൃത്വം അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു. എം എൽ എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ എന്നിവരെയായിരുന്നു സസ്പെന്റ് ചെയ്ത്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഓപ്പറേഷൻ ലോട്ടസിന് കൂട്ടുനിന്നവരാണ് എം എൽ എമാർ എന്നാരോപിച്ചായിരുന്നു നടപടി. ഇവരെ 45 ലക്ഷം രൂപയുമായി ബംഗാളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോൺഗ്രസിലെ 15 എം എൽ എമാരിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം ചേർന്ന ഭരണകക്ഷി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇവർ പങ്കെടുക്കാൻ സാധിക്കാത്തതിലെ കാരണം വ്യക്തമാക്കിയിരുന്നുവെന്നാണ് നേതൃത്വം പറഞ്ഞത്. അതേസമയം ജെ എം എമ്മിലും അതൃപ്തികൾ ശക്തമാണെന്നാണ് സൂചന. ഇതിനോടകം തന്നെ ശാന്തൾ പർഗാനയിൽ നിന്നുള്ള എം എൽ എമാർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോറന് പകരം അദ്ദേഹത്തിന്റെ ഭാര്യയെ നിയമിക്കാനുള്ള ചർച്ചകൾ ആരംഭിച്ചാൽ തീർച്ചയായും നേതാക്കൾ ഇതിനെതിരെ രംഗത്തെത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരെ സഖ്യത്തിനുള്ളിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെന്നും ജെ എം എമ്മിൽ നിന്ന് തന്നെ നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയർത്തിക്കഴിഞ്ഞുവെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. ബിഹാറിൽ എൻ ഡി എ സഖ്യ സർക്കാരില്‍ നിന്ന് ജെ ഡി യു വിട്ടത് ബി ജെ പിക്ക് കടുത്ത ക്ഷീണമായിരുന്നു സമ്മാനിച്ചത്. ഇത് മറികടക്കാൻ ജാർഖണ്ഡിൽ ബി ജെ പി തയ്യാറെടുത്താൽ സംസ്ഥാനത്ത് ഭരണം മാറി മറിയും. ഓപ്പറേഷൻ ലോട്ടസിന് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടെന്നുള്ള സൂചനകളും ഉണ്ട്.












Click it and Unblock the Notifications