ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പാളിന്റെ മൊഴിയില്‍ വിശ്വസിക്കാതെ സിബിഐ; കേസ് നീളും
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നുണപരിശോധനയും വോയ്‌സ് അനാലിസിസ് ടെസ്റ്റും അടക്കം നടത്തി.
എന്നാല്‍ വീഴ്ച്ച പറ്റിയില്ലെന്ന നിലപാടിലാണ് ഇയാള്‍. ആശുപത്രി അധികൃതര്‍ ജൂനിയര്‍ ഡോക്ടറുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ അടക്കം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഘോഷ് തയ്യാറായിട്ടില്ല. എന്തുകൊണ്ട് പ്രിന്‍സിപ്പാള്‍ മാതാപിതാക്കളെ ഡോക്ടറുടെ കൊലപാതകത്തെ കുറിച്ച് അറിയിച്ചില്ലെന്ന സംശയം അന്വേഷണ സംഘത്തിന് ബാക്കിയാണ്.

മൃതദേഹം കണ്ടെത്തി മുപ്പത് മിനുട്ടോളം വൈകിയാണ് കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടറുടെ വീട്ടുകാരെ അറിയിച്ചത്. ആത്മഹത്യയാണെന്ന തരത്തിലാണ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിച്ചത്. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ നുണപരിശോധന വരെ സിബിഐ നടത്തി.
സെമിനാര്‍ ഹാളില്‍ ഇയാളുടെ ആളുകള്‍ മൃതദേഹം കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് തുടക്കത്തില്‍ ഇതേ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. സിബിഐയുടെ പ്രധാന ചോദ്യങ്ങളെല്ലാം ഇത് കേന്ദ്രീകരിച്ചാണ്.
മൃതദേഹം കണ്ടെത്തിയ ദിവസം രാവിലെ പത്ത് മണിക്ക് കോളോജിലെ അസോസിയേറ്റ് പ്രൊഫസറായ സുമിത് റോയ് തപാദാറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. എന്നാല്‍ വാഷ്‌റൂമിലായിരുന്നതിനാല്‍ കോള്‍ എടുക്കാനായില്ലെന്ന് ഘോഷ് മൊഴി നല്‍കിയിരുന്നു.
10.20ന് താന്‍ തിരിച്ചുവിളിച്ചപ്പോഴാണ് ജൂനിയര്‍ ഡോക്ടറുടെ മരണത്തെ കുറിച്ച് അറിയുന്നത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യാത്രയില്‍ വെച്ച് തന്നെ തലാ പോലീസ് സ്‌റ്റേഷനിലെ ഇന്‍ചാര്‍ജിനെ വിവരമറിയിച്ചു. അദ്ദേഹം സംഭവത്തെ കുറിച്ച് അറിഞ്ഞുവെന്നും, പോലീസ് സംഭവ സ്ഥലത്തുണ്ടെന്നും അറിയിച്ചുവെന്നും ഘോഷ് സിബിഐയോട് പറഞ്ഞിട്ടുണ്ട്.
അതേസമയം കേസിലെ പ്രധാന പ്രതിയായ സഞ്ജയ് റോയ് കോടതിയില്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചേക്കും. അഭിഭാഷനോട് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയില്‍ പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നുണപരിശോധനയില്‍ താന്‍ നിരപരാധിത്വം തെളിയിച്ചുവെന്നും റോയ് അവകാശപ്പെട്ടു. പത്ത് ചോദ്യങ്ങളാണ് നുണപരിശോധനയില്‍ ഇയാളോട് ചോദിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.
കൊലപാതകത്തിന് ശേഷം എന്തുചെയ്തു എന്ന് സിബിഐ ചോദിച്ചപ്പോള്‍ റോയ് അതിനെ എതിര്‍ത്തു. താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. താന്‍ മുറിയില്‍ എത്തുമ്പോള്‍ തന്നെ ഡോക്ടര്‍ കൊലപ്പെട്ടിരുന്നതായും ഇയാള്‍ പറഞ്ഞു. അതേസമയം റോയ് അല്ലാതെ മറ്റാരിലേക്കും വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് കേസ് ഇനിയും നീളാനാണ് സാധ്യത.












Click it and Unblock the Notifications