ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം: മകന്‍ നിരപരാധിയാണെന്ന് പ്രതിയുടെ അമ്മ, തൂക്കികൊല്ലണമെന്ന് ഭാര്യാ മാതാവ്
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് നിരപരാധിയാണെന്ന് അമ്മ. കേസില്‍ മകനെ കുടുക്കിയതാണെന്ന് അമ്മ പറഞ്ഞു. അതേസമയം റോയിയുടെ ഭാര്യാ മാതാവ് ഈ പരാമര്‍ശങ്ങളെ തള്ളി. ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്തതിന് റോയിയെ തൂക്കികൊല്ലണമെന്ന് ഭാര്യാ മാതാവ് പറഞ്ഞു.
അതേസമയം സഞ്ജയ് റോയ് നാല് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോണ്‍ വീഡിയോ ഇയാള്‍ നിരന്തരം കാണാറുണ്ടെന്നും, അതിന് അടിമയാണ് ഇയാളെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇയാള്‍ നിരന്തരം ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം ആര്‍ജി കാര്‍ ആശുപത്രിയിലെ നാലാം നിലയിലൂടെ സഞ്ജയ് റോയ് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് രാത്രി ഇയാള്‍ ഇവിടെയുള്ള ഇടനാഴിയിലൂടെ നടന്ന് സെമിനാര്‍ മുറിയിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിന് ശേഷമാണ് ക്രൂരകൃത്യം നടന്നത്. ജീന്‍സും ടിഷര്‍ട്ടുമാണ് ഇയാള്‍ ധരിച്ചിരുന്നത്.
കൈയ്യില്‍ ഒരു ഹെല്‍മെറ്റുമുണ്ട്. കൊല്‍ക്കത്ത പോലീസ് യൂണിഫോമിന്റെ ഭാഗമാണിത്. ദൃശ്യങ്ങളില്‍ ഇയാള്‍ ഒരു ബ്ലൂടൂത്ത് ഡിവൈസ് കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്നതായി കാണാം. ഇതേ ബ്ലൂടൂത്ത് ഡിവൈസ് പിന്നീട് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ ഡിവൈസ് റോയിയുടെ ഫോണുമായി പിന്നീട് പോലീസ് ബന്ധിപ്പിച്ച് നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
ഇടനാഴിയിലൂടെ സെമിനാര്‍ റൂമിലേക്ക് പ്രവേശിച്ച റോയ് നാല്‍പ്പത് മിനുട്ടിന് ശേഷം പുറത്തേക്ക് വന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബ്ലൂടൂത്ത് ഡിവൈസും, അതുപോലെ സിസിടിവി ദൃശ്യങ്ങളും തെളിവായി എടുത്താണ് കൊല്‍ക്കത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണ് റോയ് എന്ന് സിബിഐ ന്യൂസ് 18നോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ യാതൊരു കുറ്റബോധവും കാണിച്ചില്ലെന്ന് പോലീസ് പറയുന്നു. നേരത്തെ കൊല്‍ക്കത്ത പോലീസ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോണ്‍ വീഡിയോകള്‍ കണ്ടെത്തിയിരുന്നു.
അതേസമയം അയല്‍വാസികള്‍ക്ക് ഇയാളെ കുറിച്ച് പറയാനുള്ളതും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഇയാള്‍ നല്ല വ്യക്തിയേ അല്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സ്ത്രീകളെ തുറിച്ചുനോക്കുന്ന ശീലം ഇയാള്‍ക്കുണ്ട്. വളരെ മോശമായ രീതിയിലാണ് നോട്ടം. പലരും ഇയാളെ കാണുമ്പോള്‍ വാതില്‍ അടയ്ക്കുമായിരുന്നുവെന്നും അയല്‍വാസിയായ സ്ത്രീ പറഞ്ഞു.
റോയ് നാല് തവണ വിവാഹം കഴിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീലമ്പടനായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു. സഞ്ജയ് റോയ് മകളെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ഭാര്യാ മാതാവ് പറഞ്ഞു. മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് മര്‍ദനമുണ്ടായത്. ഇതിലൂടെ കുഞ്ഞിനെ നഷ്ടമായെന്നും ഇവര്‍ പറഞ്ഞു. റോയിയെ തൂക്കിലേറ്റണമെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications