ആര്‍ജി കാര്‍ മുന്‍ പ്രിന്‍സിപ്പാലിനെതിരെ സൂപ്രണ്ടിന്റെ ഗുരുതര വെളിപ്പെടുത്തല്‍, 'മൃതദേഹങ്ങള്‍ വിറ്റു..'
കൊല്‍ക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുന്നതിനിടെ ഗുരുതരമായ വെളിപ്പെടുത്തലുമായി ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷ് ആശുപത്രിയില്‍ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു എന്ന് സന്ദീപ് ഘോഷ് ആരോപിച്ചു.
വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സന്ദീപ് ഘോഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അവകാശികള്‍ ആരും അന്വേഷിച്ച് വരാത്ത മൃതദേഹങ്ങള്‍ വില്‍ക്കുന്നതുള്‍പ്പെടെ ഉള്ള നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് ഘോഷ് ഏര്‍പ്പെട്ടിരുന്നു എന്നാണ് അക്തര്‍ അലി ആരോപിക്കുന്നത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബംഗ്ലാദേശിലേക്ക് ബയോമെഡിക്കല്‍ മാലിന്യങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും കടത്തുന്നതിലും സന്ദീപ് ഘോഷ് പങ്കാളിയായിരുന്നു എന്ന് അക്തര്‍ അലി ആരോപിച്ചു. 2023 വരെ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അക്തര്‍ അലി, സംസ്ഥാന വിജിലന്‍സ് കമ്മീഷനുമുമ്പാകെ ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും വ്യക്തമാക്കി.
സന്ദീപ് ഘോഷിനെതിരായ അന്വേഷണ സമിതിയില്‍ താനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുന്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയുണ്ടായില്ലെന്നും അക്തര്‍ അലി ചൂണ്ടിക്കാട്ടി. സന്ദീപ് ഘോഷിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതേ ദിവസം തന്നെ ആര്‍ജി കാര്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റുകയായിരുന്നുവെന്നും അക്തര്‍ അലി കുറ്റപ്പെടുത്തി.
'ഞാന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസം തന്നെ എന്നെ സ്ഥലം മാറ്റി. ഈ കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങളും സ്ഥലം മാറ്റത്തിന് വിധേയരായി. ഈ മനുഷ്യനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഞാന്‍ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു,' അദ്ദേഹം പറഞ്ഞു. സന്ദീപ് ഘോഷിനെതിരെ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് ഘോഷ് തങ്ങളെ വിളിച്ച് പറഞ്ഞത് എന്ന് കുടുംബം ആരോപിച്ചിരുന്നു.
മൃതദേഹം കൈമാറുന്നതിന് മുമ്പ് മാതാപിതാക്കളോട് മൂന്ന് മണിക്കൂര്‍ കാത്തിരിക്കാനും ഇയാള്‍ പറഞ്ഞിരുന്നു. അതേസമയം സി ബി ഐ സന്ദീപ് ഘോഷിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാനുള്ള ശ്രമത്തിലാണ്. ചോദ്യം ചെയ്യലില്‍ ഇയാളുടെ ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാല്‍ നുണപരിശോധന നടത്തുമെന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 31 കാരിയായ ട്രെയിനി ഡോക്ടര്‍ ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വെച്ചാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
36 മണിക്കൂര്‍ നീണ്ട ഷിഫ്റ്റിനിടയില്‍ വിശ്രമിക്കാന്‍ മുറിയിലേക്ക് പോയതായിരുന്നു ഡോക്ടര്‍. മൃതദേഹത്തിന് സമീപം ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഞ്ജയ് റോയ് എന്ന സിവില്‍ വളണ്ടിയറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സന്ദീപ് ഘോഷ് രാജിവെച്ചത്. അടുത്തിടെ സഞ്ജയ് റോയിയെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ നിന്ന് സി ബി ഐ അനുമതി നേടിയിരുന്നു.












Click it and Unblock the Notifications