''അതൊക്കെ കാലം തെളിയിക്കട്ടെ..'' ദില്ലിയിൽ ശശി തരൂരുമായി കെവി തോമസിന്റെ കൂടിക്കാഴ്ച
ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച മുതിര്‍ന്ന നേതാവ് കെവി തോമസ്. ദില്ലിയിലെ ശശി തരൂരിന്റെ വീട്ടിലെത്തിയാണ് കെവി തോമസ് കൂടിക്കാഴ്ച നടത്തിയത്. ശശി തരൂര്‍ കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങളുമായി അത്ര രസത്തിലല്ലാതിരിക്കുന്ന പശ്ചാത്തലത്തില്‍ കെവി തോമസുമായുളള കൂടിക്കാഴ്ചയ്ക്ക് പല മാനങ്ങളും കല്‍പ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍ വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നുമാണ് തരൂരിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം കെവി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ 18 വര്‍ഷമായി താന്‍ ഒരു ട്രസ്റ്റ് നടത്തുന്നുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു പരിപാടിയാണ് മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്‌സ് എന്നുളളത്. മന്‍മോഹന്‍ സിംഗ് മുതല്‍ യെച്ചൂരി, യൂസഫലി പോലുളളവരുണ്ട്.
ശശി തരൂരിനെ താന്‍ നേരത്തെ ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞിട്ട് ഒരു സമയം തരാം എന്ന് പറഞ്ഞിരുന്നു. ജനുവരിയിലോ ഫെബ്രുവരിയിലോ. എറണാകുളം ജില്ലയിലെ 40 കോളേജുകളിലെ കുട്ടികളാണ് അതില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ ഒന്ന് കഴിഞ്ഞതേ ഉളളൂ. ഇത് നേരിട്ട് കുട്ടികള്‍ക്ക് എന്ത് ചോദ്യവും ചോദിക്കാവുന്നതാണ്. ആ പരിപാടിക്ക് വേണ്ടിയാണ് പ്രധാനമായും തരൂരിനെ കാണാനെത്തിയത്, കെവി തോമസ് പറഞ്ഞു.

പരസ്പരം കാണുമ്പോള്‍ എന്തെങ്കിലും പറയുമെന്നല്ലാതെ പ്രസക്തമായ രാഷ്ട്രീയ ചര്‍ച്ചയൊന്നും തരൂരുമായി നടത്തിയില്ലെന്നും കെവി തോമസ് വ്യക്തമാക്കി . കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പിന്തുണ കൊടുത്തത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആര്‍ക്കും മത്സരിക്കാമല്ലോ എന്ന് കെവി തോമസ് മറുപടി നല്‍കി. സോണിയാ ഗാന്ധിയുടെ അനുമതിയോടെയാണ് തരൂര്‍ മത്സരിച്ചത്. തരൂര്‍ കേരളത്തില്‍ സജീവമാകുന്നത് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അതൊക്കെ കാലം തെളിയിക്കട്ടെ എന്ന് കെവി തോമസ് മറുപടി നല്‍കി.
സോണിയാ ഗാന്ധിയും ഖാര്‍ഗെയും അടക്കമുളള മറ്റ് കോണ്‍ഗ്രസ് നേതാക്കളെ കാണുമോ എന്ന ചോദ്യത്തിന് എല്ലാവരേയും കാണുന്നത് വ്യക്തിപരമായിട്ടായിരിക്കുമെന്ന് കെവി തോമസ് വ്യക്തമായി. വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിച്ച ബന്ധം എല്ലാവരുമായിട്ടുണ്ട്. പ്രധാനമന്ത്രിയേയും സീതാറാം യെച്ചൂരിയേയും അടക്കം കാണുന്നത് വ്യക്തിപരമായിട്ടാണ് എന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു. താന്‍ പദവികളൊന്നും ആഗ്രഹിച്ചിട്ടല്ല സിപിഎമ്മിനോട് സഹകരിക്കുന്നത് എന്നും സിപിഎമ്മില്‍ പരിഗണന ലഭിച്ചില്ല എന്നുളള ആരോപണം ശരിയല്ലെന്നും കെവി തോമസ് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Health tips: പ്രമേഹ രോഗികളോട്; ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാം
തിരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെട്ടത് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞ് നിന്നിരുന്ന കെവി തോമസ് തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു നടപടി. തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കെവി തോമസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കള്‍ കയ്യൊഴിഞ്ഞപ്പോഴും കെവി തോമസ് പിന്തുണയുമായി രംഗത്ത് വരികയുണ്ടായി.












Click it and Unblock the Notifications